കരുവന്നൂരിൽ പിടിമുറുക്കി ഇഡി ; കൂടുതൽ സഹകരണ ബാങ്കുകളിലടക്കം 9 ഇടങ്ങളിൽ പരിശോധന ; ഞെട്ടലിൽ സി പി എം കേന്ദ്രങ്ങൾ
തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തൃശൂരിൽ ജില്ലയിൽ എട്ടിടത്തും, എറണാകുളം ജില്ലയിൽ ഒരു സ്ഥലത്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. അയ്യന്തോൾ,കുട്ടനെല്ലൂർ, അരണാട്ടുകര, പെരിങ്ങണ്ടൂർ,പാട്ടുരായ്ക്കൽ സഹകരണ ബാങ്കുകളിലാണ് പരിശോധന നടക്കുന്നത്.എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. കരുവന്നൂർ തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റിലായ കിരൺ എന്നയാളുടെ സുഹൃത്ത് കൂടിയാണ് ദീപക്ക്. 5.2 കോടി രൂപയാണ് ഇയാൾക്ക് കരുവന്നൂരിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃശൂർ കോലഴിയിലെ സ്ഥിരതാമസക്കാരനും കണ്ണൂർ സ്വദേശിയുമായ പി. സതീഷ്കുമാർ കള്ളപ്പണം വെളിപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ റെയ്ഡ് നടത്തുന്നത്. സി പി എം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനാണ് ഈ ബാങ്കിന്റെ പ്രസിഡന്റ്. കണ്ണന്റെ സാന്നിദ്ധ്യത്തിലാണ് ഇ ഡി പരിശോധന നടത്തുന്നത്. അതേ സമയം മുൻ മന്ത്രി എ. സി മൊയ്തീൻ വീണ്ടും ചൊവ്വാഴ്ച ഇ ഡി മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകും. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ തുടർ ചോദ്യം ചെയ്യലിനാണ് മൊയ്തീനെ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.