മാതാവുമായി സംസാരിച്ച ശേഷം ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമം; കുഴഞ്ഞുവീണ വിദ്യാര്‍ത്ഥി മരിച്ചു

ഗാസിയാബാദ്: ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥി മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഗാസിയാബാദിലെ സരസ്വതി വിഹാറിലാണ് സംഭവം. സിദ്ധാര്‍ത്ഥ് കുമാര്‍ സിംഗ്(21) എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ജിമ്മില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ സംഭവത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സിദ്ധാര്‍ത്ഥ് ട്രെഡ്മില്‍ പതുക്കെ നിര്‍ത്തുന്നതും പിന്നാലെ ബോധം നഷ്ടപ്പെട്ട് മെഷീനില്‍ തന്നെ വീഴുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്. ആ സമയത്ത് ജിമ്മിലുണ്ടായിരുന്നവര്‍ ഓടിയെത്തി അബോധാവസ്ഥയില്‍ കിടന്ന സിദ്ധാര്‍ത്ഥിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. നോയിഡയിലെ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ് സിംഗ്. ബീഹാറിലെ സിവാന്‍ സ്വദേശിയാണ്. അച്ഛനോടൊപ്പം നോയിഡയിലായിരുന്നു താമസം. അമ്മ ബീഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയാണ്.
സംഭവം നടക്കുന്നതിന് 10 മിനിറ്റ് മുമ്പ് സിദ്ധാര്‍ത്ഥ് സിംഗ് മാതാവുമായി സംസാരിച്ചിരുന്നു. മൃതദേഹം ബിഹാറിലെ സിവാനിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് ജിം അടച്ചിട്ടിരിക്കുകയാണ്.
ജിംനേഷ്യത്തിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ ഷോക്കടിച്ച് മരിച്ച സംഭവം രണ്ട് മാസം മുന്‍പ് ദില്ലിയിലുണ്ടായിരുന്നു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 15ലെ ജിംനേഷ്യത്തിലെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് സാക്ഷന്‍ പൃതി എന്ന യുവാവ് ഷോക്കടിച്ച് മരിച്ചത്. സംഭവത്തില്‍ ജിംനേഷ്യം മാനേജര്‍ക്കെതിരെയും ഉടമക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page