കാസര്‍കോട്: മോഡലും നടനുമായ ഷിയാസ് കരീം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ചന്തേര പൊലിസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പൊലിസ് കൊച്ചിയിലെത്തി ഷിയാസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പീഡിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്ന സ്ഥലങ്ങളിലും പൊലിസ് അന്വേഷണം നടത്തും. പരിശോധനയ്ക്ക് ശേഷമാകും പൊലീസ് തുടര്‍ നടപടി സ്വീകരിക്കുക എന്നാണ് വിവരം. പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ട് എന്ന് തെളിഞ്ഞാല്‍ ഷിയാസ് കരീമിനെ പൊലീസ് അറസ്റ്റ് ചെയ്യും. ഇതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യം നേടാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. അതുകൊണ്ടുതന്നെ കൊച്ചിയിലെ പരിശോധന വളരെ നിര്‍ണായകമാണ്. കാസര്‍കോട് പടന്ന സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ബിഗ് ബോസ് ഉള്‍പ്പെടെ നിരവധി ടെലിവിഷന്റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസിനെതിരെ ചന്തേര പൊലീസ് കേസെടുത്തത്.
ജിം ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലെ റിസോര്‍ട്ടിലും പീഡിപ്പിച്ചെന്നും അതിനിടയില്‍ 11 ലക്ഷം വാങ്ങി വഞ്ചിച്ചെന്നുമാണ് പരാതി. ഷിയാസ് കരീമുമായി 2021 ഏപ്രില്‍ മുതല്‍ രണ്ട് വര്‍ഷത്തോളം ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു എന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. നാട്ടില്‍ വച്ചും കൊച്ചിയില്‍ വച്ചും പീഡിപ്പിച്ചിട്ടുണ്ടത്രെ. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഷിയാസ് കരീം മര്‍ദ്ദിച്ചുവെന്നും യുവതി പരാതിപ്പെടുന്നു. എറണാകുളത്താണ് വര്‍ഷങ്ങളായി യുവതി ജോലി ചെയ്യുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞിരിക്കുന്ന യുവതിക്ക് 13 വയസുള്ള കുട്ടിയുണ്ട്. അതിനിടേ ശനിയാഴ്ച രാവിലെ ഷിയാസ് കരീം വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ മാസം 20 നായിരുന്നു വിവാഹ നിശ്ചയം. എന്നാല്‍ നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോഴാണ് ഷിയാസ് അറിയിച്ചത്.