കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പരിശോധിച്ചതില്‍ 94 സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആണെന്നു മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഇപ്പോള്‍ ഐസോലേഷനില്‍ ഉള്ളത്. ഐ എം സി എച്ചില്‍ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. പോസിറ്റീവായിട്ടുള്ള ആ ളുകള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നതായും മന്ത്രി പറഞ്ഞു. ആദ്യം മരിച്ച വ്യക്തിയുടെ കുട്ടി വെന്റിലേറ്ററിലാണെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. മുപ്പതാംതീയതി മരിച്ച വ്യക്തിക്ക് എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്നു പരിശോധിക്കുന്നുണ്ട്. അതേസമയം നിപ്പ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കി. ആള്‍ക്കൂട്ടം കൂടി നില്‍ക്കുന്നത് ഒരു തരത്തിലും അനുവദിക്കില്ലെന്ന് അധികൃതര്‍ കോഴിക്കോട്ട് വ്യക്തമാക്കി. അതേസമയം കിനാലൂരില്‍ നടന്ന കായിക ടീമിലേയ്ക്കുള്ള സെലക്ഷന്‍ ട്രയല്‍ പരാതികളെ തുടര്‍ന്ന് നിര്‍ത്തിപ്പിച്ചു.