ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) പുനരാരംഭിച്ചു. ഒരു കിലോ മീറ്ററിലധികം ഉയരമുള്ള ടവര്‍ വരുന്നതോടെ നിലവിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളും. 1,000 മീറ്ററിലധികം ഉയരമുള്ള ടവര്‍ നിര്‍മിക്കുന്നതിന് കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്ന് ജെഇസി ഈ വര്‍ഷാവസാനത്തോടെ ക്വട്ടേഷനുകള്‍ ക്ഷണിച്ചിട്ടുണ്ട്. ടെന്‍ഡറുകള്‍ ക്ഷണിച്ച കാര്യം കിങ്ഡം ഹോള്‍ഡിങ് കമ്പനി സിഇഒ തലാല്‍ ഇബ്രാഹിം അല്‍മൈമന്‍ സ്ഥിരീകരിച്ചു.
ദുബായിലെ ബുര്‍ജ് ഖലീഫയേക്കാള്‍ 172 മീറ്ററിലധികം ഉയരത്തിലാണ് ജിദ്ദ ടവര്‍ പണിയുന്നത്.
ജിദ്ദ ഇക്കണോമിക് സിറ്റിയാണ് പദ്ധതിക്കു മേല്‍നോട്ടം വഹിക്കുക. ഇത് ജിദ്ദ ഇക്കണോമിക് സിറ്റി വികസനത്തിന്റെ കേന്ദ്രബിന്ദുവായി മാറും. ഷോപ്പിങ് മാളുകള്‍, ആഡംബര വസ്ത്രശാലകള്‍, റെസ്റ്റോറന്റുകള്‍, ടെന്നീസ് കോര്‍ട്ടുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ടവറില്‍ ഉണ്ടാകും.
ബുര്‍ജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിര്‍മിക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള അസീസി ഡെവലപ്മെന്റ്സ് ഏതാനും മാസങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്നു. പുതിയ ടവറിന്റെ പേര്, ഉയരം തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന സ്ഥലത്താണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. 2011 ല്‍ പ്രഖ്യാപിച്ച് 2013ല്‍ നിര്‍മാണം ആരംഭിച്ച ടവര്‍ 2019ല്‍ പൂര്‍ത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. 50 നില വരെ ഉയര്‍ന്ന കെട്ടിടത്തിന്റെ നിര്‍മാണം പിന്നീട് പല കാരണങ്ങളാല്‍ നീണ്ടുപോയി. നിര്‍മാണം പുനരാരംഭിച്ചെങ്കിലും എപ്പോള്‍ തീരുമെന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.