കോഴിക്കോട്: നിപ ബാധിത പ്രദേശമായ മരുതോങ്കരയില്‍ ഒരു കാട്ടുപന്നിയെ കൂടി ചത്ത നിലയില്‍ കണ്ടെത്തി. മരുതോങ്കര ഗ്രാമപഞ്ചായത്തില്‍ ജാനകിക്കാട്ടില്‍ ഫോറസ്റ്റില്‍ നാലാം കണ്ടം ഭാഗത്താണ് നീര്‍ച്ചോലയോട് ചേര്‍ന്ന് പന്നിയെ ചത്ത് കിടക്കുന്നത് കണ്ടത്. 12 വയസ് പ്രായം വരുന്ന പന്നിയുടെ ജഡം അഴുകിയ നിലയിലാണ്. റേഞ്ച് ഓഫീസര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും മരുതോങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞദിവസം ജാനകിക്കാട് മരുതോങ്കര ഇറിഗേഷന്‍ റോഡിലും പന്നിയെ ചത്ത നിലയില്‍ കണ്ടിരുന്നു. ഇക്കോ സെന്ററിന്റെ ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്ന സ്ഥലത്താണ് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കൃഷിയിടത്തിലിറങ്ങുന്ന പന്നിയെ വിഷം വെച്ച് കൊന്നതോ മറ്റ് തരത്തിലോ എന്നുള്ളത് സംബന്ധിച്ച് അന്വേഷണം നടക്കേണ്ടതുണ്ട്. അതേസമയം ഇത്തരത്തില്‍ പന്നികളെ ഈ മേഖലയില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പന്നിയുടെ ജഡം പൂര്‍ണമായി അഴുകിയ നിലയിലായതിനാല്‍ കോഴിക്കോട് നിന്നെത്തിയ വെറ്റിനറി സംഘത്തിന് പോസ്റ്റുമോര്‍ട്ടം നടത്താനോ കൂടുതല്‍ പരിശോധനകള്‍ നടത്താനോ കഴിഞ്ഞില്ല. ഇതോടെ ജഡം കുഴിച്ചുമൂടി. മരുതോങ്കര കള്ളാട് സ്വദേശി എടവലത്ത് മുഹമ്മദലിയുടെ മരണം നിപ മൂലമെന്ന് അനുമാനത്തിലെത്തിയിരുന്നു. മുഹമ്മദലിയുടെ മരണത്തിനു പിന്നാലെ രോഗലക്ഷണങ്ങളോടെ ബന്ധുക്കള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ പരിശോധനയില്‍ മുഹമ്മദലിയുടെ ഒന്‍പതു വയസ്സുള്ള മകന്‍, ഭാര്യാസഹോദരന്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് മുഹമ്മദലിയുടെ മരണകാരണം നിപയാണെന്ന അനുമാനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയത്. 39 വയസുള്ള ആരോഗ്യപ്രവര്‍ത്തകനും പുതുതായി നിപ സ്ഥിരീകരിച്ചിട്ടുണ്ട്.