കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസത്തെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4 ആയി .ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.രോഗികളുമായി സമ്പർക്കമുള്ളവരുടെ പട്ടികയിൽ ആകെ 950 പേർ ആയിട്ടുണ്ട്. ഇക്കൂട്ടത്തിൽ 287 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്ന് കൂടുതൽ പരിശോധനാ ഫലം വരാനുണ്ട്. പ്രതിരോധ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.രാവിലെ 11 മണിക്കാണ് യോഗം ചേരുക. രോഗ ബാധിത മേഖലകളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാർ യോഗത്തിനെത്തും.നേരിട്ട് സമ്പർക്കമുള്ളവരുടേതുൾപ്പെടെ പരിശോധന ഊർജ്ജിതമാക്കാനാണ് തീരുമാനം. അടുത്ത രണ്ട് ദിവസങ്ങളിൽ കൂടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സംഘം കോഴിക്കോട് ക്യാംപ് ചെയ്ത് സാഹചര്യം വിലയിരുത്തുന്നുണ്ട്. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാഹിയിലും രണ്ട് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.