കാസര്‍കോട്: ആള്‍ട്ടോ കാറില്‍ കടത്തിയ 240 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേരെ മഞ്ചേശ്വരം എക്‌സൈസ് പിടികൂടി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.യൂനസും സഘവും ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് മധൂര്‍ ഉളിയത്തടുക്ക സ്വദേശി റൈഫ് മന്‍സിലില്‍ അന്‍വര്‍ അലി(40), ചെര്‍ക്കള സ്വദേശി പള്ളത്തടുക്ക വീട്ടില്‍ ബി.മൊയ്തു(42 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. പിടികൂടിയ പുകയില ഉല്‍പന്നങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയോളം വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാലുകാറുകളിലായി കടത്തിയ 750 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങള്‍ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റു കടക്കവേ പിടികൂടിയിട്ടുണ്ട്. കേരളത്തിലെ വിവിധ നിര്‍മ്മാണ മേഖലകളില്‍ തൊഴിലെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് വന്‍ തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തികൊണ്ടുവരുന്നത്. കര്‍ണ്ണാടകയില്‍ നിന്നും തുച്ഛമായ വിലയ്‌ക്ക് ലഭിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ അതിര്‍ത്തിക്കിപ്പുറം എത്തിച്ചാല്‍ വന്‍ ലാഭം ലഭിക്കുന്നതിനാലാണ് കൂടുതല്‍ പേര്‍ ഈ രംഗത്തേയ്‌ക്ക് എത്തുന്നതെന്നും അധികൃതര്‍ സൂചിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് നടന്ന വാഹനപരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.എ ജനാര്‍ദ്ദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, മുഹമ്മദ് ഇജാസ്, നിഷാദ് പി നായര്‍, എം.എം അഖിലേഷ്, എക്‌സൈസ് ഡ്രൈവര്‍ ഇ.കെ സത്യന്‍ എന്നിവരും പങ്കെടുത്തു.