Sunday, June 16, 2024
Latest:

ഇനിയില്ല ഈ ഡബിൾ ഡെക്കർ കാഴ്ചകള്‍; ഡബിൾ ഡെക്കർ ബസുകള്‍ മഹാനഗരത്തോട് വിടപറയാന്‍ കാരണമെന്ത്?

വെബ്ബ് ഡെസ്ക് : മോഹന്‍ലാലിന്റെ ആര്യന്‍, അഭിമന്യു ദുല്‍ഖറിന്റെ ഒ കാതല്‍ കണ്‍മണി ഇങ്ങനെ മുംബൈ പശ്ചാത്തലമാക്കിയുള്ള സിനിമകളിലും ഗാനങ്ങളിലും ഒരു രംഗത്തിലെങ്കിലും ഈ ബസുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1937 ലാണ് ബോംബേ പൊതുഗതാഗത സംവിധാനത്തിൽ ചുവന്ന ഡബിൾ ഡക്കർ ബസുകൾ അവതരിപ്പിച്ചത്. അതിനുശേഷം അവ നഗരത്തിന്റെ തന്നെ പ്രതീകമായി മാറുകയായിരുന്നു.എട്ട് പതിറ്റാണ്ടിലേറെയായി നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന മുംബൈയിലെ പ്രസിദ്ധമായ ചുവന്ന ഡബിൾ ഡെക്കർ ബസുകൾ ഈ ആഴ്ച നിരത്തില്‍ നിന്ന് ഇല്ലാതാകും എന്ന് ബ്രിഹൻമുംബൈ ഇലക്‌ട്രിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) അണ്ടർടേക്കിംഗിലെ ഉദ്യോഗസ്ഥർ അറിയിച്ചു. 1990 മുതൽ വിനോദസഞ്ചാരികൾക്ക് കാഴ്ചകൾ കാണാനുള്ള ബസുകളായി പ്രവർത്തിച്ചിരുന്ന ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസുകളും ഒക്ടോബർ ആദ്യവാരം നഗരത്തിലെ തെരുവുകളിൽ നിന്ന് അപ്രത്യക്ഷമാകും.

ഈ ബസുകൾ എന്നെന്നേക്കുമായി ഇല്ലാതാകാതിരിക്കാൻ യാത്രാ സംഘങ്ങളും ബസ് പ്രേമികളും വണ്ടികളില്‍ രണ്ടെണ്ണമെങ്കിലും അനിക് ഡിപ്പോ ആസ്ഥാനമായുള്ള മ്യൂസിയത്തിൽ സൂക്ഷിക്കണമെന്ന് ബെസ്റ്റിനോട് ആവശ്യപ്പെടുകയും മഹാരാഷ്ട്ര മുഖ്യമന്ത്രി, ടൂറിസം മന്ത്രി, ബെസ്റ്റ് ഭരണകൂടം എന്നിവർക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.നിലവിൽ  മൂന്ന് ഓപ്പൺ ഡെക്ക് ബസുകൾ ഉൾപ്പെടെ ഏഴ് ഡബിൾ ഡെക്കർ ബസുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ വാഹനങ്ങൾ 15 വർഷം പൂർത്തിയാക്കുന്നതിനാൽ നിയമപ്രകാരം ഉപയോഗിക്കാൻ ആവില്ല, ഡബിൾ ഡെക്കർ ബസുകളെ സെപ്റ്റംബർ 15 നും ഓപ്പൺ ഡെക്ക് ബസുകൾ ഒക്ടോബർ 5 നും എന്നെന്നേക്കുമായി റോഡുകളില്‍ നിന്ന് പിന്‍വലിക്കും.

1990-കളുടെ തുടക്കത്തിൽ   ഏകദേശം 900 ഡബിൾ-ഡക്കർ ബസുകൾ ഉണ്ടായിരുന്നു, എന്നാൽ  തൊണ്ണൂറുകളുടെ മധ്യത്തോടെ ഈ എണ്ണം ക്രമേണ കുറഞ്ഞു.ഉയർന്ന പ്രവർത്തനച്ചെലവ് ചൂണ്ടിക്കാട്ടി 2008-ന് ശേഷം ബെസ്റ്റ് അഡ്മിനിസ്ട്രേഷൻ ഡബിൾ ഡെക്കർ ബസുകൾ നിരത്തിലിറക്കുന്നത് നിർത്തി. ഈ വർഷം ഫെബ്രുവരി മുതൽ ബെസ്റ്റ്, ഈ ബസുകൾക്ക് പകരം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചുവപ്പും കറുപ്പും നിറമുള്ള ഏകദേശം 25 ഡബിൾ ഡെക്കർ ബസുകൾ അവതരിപ്പിച്ചു. കാഴ്ചകൾ കാണുന്നതിനായി ഓപ്പൺ-ഡെക്ക് ബസുകൾ വാങ്ങാൻ പോകുകയാണെന്നും അവ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ദി ബെസ്റ്റ്ന്റെ അധികൃതര്‍ അറിയിച്ചു. അതുവരെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പുതിയ ഡബിൾ ഡക്കർ ഇ-ബസുകൾ വിനോദസഞ്ചാരികൾക്കായി സർവീസ് നടത്തും. എന്നിരുന്നാലും, ചില യാത്രക്കാരുടെ അഭിപ്രായം ബാറ്ററിയിൽ ഓടുന്ന ബസുകൾക്ക് പഴയ ബസുകളുടെ മനോഹാരിത ഇല്ലെന്നാണ്.  ഡബിൾ ഡെക്കർ ബസുകൾ ഇല്ലാതാക്കുന്നത് തടയാൻ, യാത്രക്കാരുടെ സംഘടനയായ “ആപ്ലി ബെസ്റ്റ് അപ്ല്യസതി” മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ബിഎംസി മേധാവി ഇഖ്ബാൽ സിംഗ് ചാഹൽ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, ബെസ്റ്റ് ജനറൽ മാനേജർ എന്നിവർക്ക് കത്തയച്ചു. നഗരത്തിലെ ആദ്യത്തെ പൊതുഗതാഗത മാർഗമായ ട്രാമുകളുടെ അതേ വിധി ഈ ബസുകൾക്ക് ഉണ്ടാകരുത് എന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page