കാസർകോട്: അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാലു ബോട്ടുകൾ ഫിഷറീസ് അധികൃതരും കോസ്റ്റൽ പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തു. നിരോധിത ലൈറ്റും വലയും ഉപയോഗിച്ചായിരുന്നു മീൻ പിടുത്തം. കാസർകോട് ഫിഷറീസ് അധികൃതരും അഴിത്തല, ബേക്കൽ, ഷിറിയ എന്നീ കോസ്റ്റൽ പോലീസും . മറൈൻ എൻഫോഴ്സ്മെന്റുമാണ് സംയുക്ത പട്രോളിംഗ് നടത്തിയത്. കോഴിക്കോട് ബേപ്പൂരിലുള്ള തൗഫിക്ക്, പുതിയാപ്പയിലുള്ള വിഷ്ണുമായ, മംഗളുരുവിള്ള അൽ ജസീറ, അസൂമർ . എന്നീ ബോട്ടുകളാണ് കാസർകോട് ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടർ കെ വി സുരേന്ദ്രന്റെ നേതൃത്ത്വത്തിൽ പിടികൂടിയത്. ബുധനാഴ്ച രാത്രി 9.30 ന് കാഞ്ഞങ്ങാട് കടപ്പുറത്തു നിന്ന് അഞ്ചു നോട്ടിക്കൽ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ബോട്ടുകൾ കണ്ടെത്തിയത്. പിടികൂടിയ ബോട്ടുകൾ രാത്രി 12.30 ന് തൈക്കടപ്പുറത്ത് എത്തിച്ചു. പിടികൂടിയ ബോട്ടിനെതിരെ നിയമ നടപടികൾ സ്വീകരിച്ച് വരുന്നു. ഇത്തരം മൽസ്യബന്ധനരീതിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. മറൈൻ എൻ ഫോഴ്സ്മെന്റ് എസ് സി പി ഒ വിനോദ് കുമാർ, അഴിത്തല കോസ്റ്റൽ സി പി ഒ സുകേഷ് കുമാർ, ഹോംഗാഡ് രാജേഷ്, ബേക്കൽ കോസ്റ്റൽ സി പി ഒ രജ്ഞിത്ത്, സജിത്ത്, ഷിറിയ കോസ്റ്റൽ സി പി ഒ പ്രദീപ് കുമാർ, സി ഡബ്ല്യു രൂപേഷ്, ഫിഷറീസ് റസ്ക്യൂ ഗാർഡുമാരായ മനു, ശിവകുമാർ, അജീഷ്, ധനീഷ്, സമീർ, ഡ്രൈവർമാരായ നാരായണൻ. സതീശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.