ബംഗളൂരു: സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ബെംഗളൂരുവില്‍ ഇന്ന് വാഹന ബന്ദ്. സ്വകാര്യ ബസ്സ് ഉടമകളുടെ സംഘടനകളാണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്ത്രീശക്തി’ പദ്ധതി സ്വകാര്യ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച അര്‍ധരാത്രിവരെയാണ് ബന്ദ്.
32 യൂണിയനുകള്‍ ഉള്‍പ്പെടുന്ന ഫെഡറേഷൻ ഓഫ് കര്‍ണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോര്‍ട്ട് അസോസിയേഷനാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷ, ടാക്സി എന്നിവയും സ്കൂള്‍ ബസുകളും ഇന്ന് നിരത്തിലിറങ്ങില്ല. ബന്ദ് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ 500 കെ.എസ്. ആർ. ടി. സി ബസ് സര്‍വീസ് അധികമായി നടത്തുമെന്ന് കർണാടക സര്‍ക്കാര്‍ അറിയിച്ചു. വിമാനത്താവളത്തിലേക്കും കൂടുതല്‍ സര്‍വീസ് നടത്തും. സ്ത്രീശക്തി പദ്ധതിമൂലമുണ്ടായ നഷ്ടം സര്‍ക്കാര്‍ നികത്തുക, ബൈക്ക് ടാക്സികളെ നിരോധിക്കുക എന്നിവയുള്‍പ്പെടെയുള്ള 28 ആവശ്യങ്ങളാണ് യൂണിയനുകള്‍ മുന്നോട്ടുവെക്കുന്നത്.പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കർണാടകയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്.
