കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ തരംഗം തീര്‍ത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വജയ കുതിപ്പ്. കൗണ്ടിംഗ് രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് ലീഡ് നില 37,000 കടന്നിരിക്കുകയാണ്. നാലാം റൗണ്ട് കഴിയുമ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് ആകെ ലഭിച്ച ഭൂരിപക്ഷത്തെയും മറികടന്ന് ലീഡ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ചാണ്ടി ഉമ്മന് സാധിച്ചു. പാമ്പാടി, വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകളിലെ വോട്ടാണ് ഇനി ബാക്കിയുള്ളത്. പുതുപ്പള്ളി മണ്ഡലത്തിലെ ഒരു ലക്ഷം വോട്ടുകളാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി എണ്ണാനുള്ളത് 31000 വോട്ടുകള്‍. അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവരുടെ മുഖത്തേറ്റ പ്രഹരമെന്ന് മകള്‍ അച്ചു ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ യാത്രാമൊഴി നമ്മളെല്ലാം കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്. അദ്ദേഹം ജീവിച്ചപ്പോള്‍ മൃഗീയമായി വേട്ടയാടി. മരിച്ചതിന് ശേഷവും അതി ക്രൂരമായി വേട്ടയാടി. വേട്ടയാടിയവരുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ഈ വിജയം എന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ ചാണ്ടി ഉമ്മനെയും പുതുപ്പള്ളിയിലെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും മറിയ ഉമ്മനും പ്രതികരിച്ചു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ കണ്ട ട്രെന്‍ഡിനോട് സാമ്യമുണ്ട് നിലവിലെ ചാണ്ടി ഉമ്മന്റെ പ്രകടനത്തിനെന്നാണ് വിലയിരുത്തല്‍. 2016 ല്‍ ഉമ്മന്‍ ചാണ്ടി 71,597 വോട്ടുകളാണ് നേടിയത്. സിപിഐഎമ്മിന്റെ ജെയ്ക്ക് സി തോമസ് 44,505 ഉം. അതായത് 27,092 ന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിജയം.