പാലക്കാട്: കടമ്പഴിപ്പുറത്ത് ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് സഹികെട്ടെന്ന് പ്രതി. ആലങ്ങാട് ടി.വി നിവാസില്‍ പ്രഭാകരന്‍ നായരെയാണ് ഭാര്യ ശാന്തകുമാരി കൊലപ്പെടുത്തിയത്. നാളുകളായി പ്രഭാകരന്‍ നായര്‍ മറവിരോഗത്തിന് ചികില്‍സയിലായിരുന്നു. അടുത്ത ദിവസങ്ങളിലായി രോഗം മൂര്‍ച്ഛിക്കുകയും വീട്ടില്‍ സ്ഥിരമായി ബഹളം വയ്ക്കുകയും ഭാര്യ ശാന്തകുമാരിയെ ഉപദ്രവിക്കും ചെയ്തിരുന്നു. ദേഹോപദ്രവത്തില്‍ സഹികെട്ടാണ് കൃത്യം നടത്തിയതെന്നാണ് ശാന്തകുമാരി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രാത്രിയായിരുന്നു കൊലപാതകം നടത്തിയത്. രാവിലെ ശാന്തകുമാരി കിണറ്റില്‍ച്ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം കണ്ട അയല്‍വാസികളാണ് പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിച്ചത്. പ്രഭാകരന്‍ നായരുടേത് സ്വാഭാവിക മരണമാണെന്നും ഭര്‍ത്താവ് മരിച്ച മനോവിഷമത്തില്‍ ശാന്തകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു ആദ്യം പ്രചരിച്ചത്. പൊലീസിന്റെ ഇന്‍ക്വസ്റ്റിനിടെ പ്രഭാകരന്‍ നായരുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയതിന്റെ അടയാളം കാണ്ടതായിരുന്നു സംശയത്തിനിടയാക്കിയത്. പ്രഭാകരന്‍ നായരും ഭാര്യ ശാന്തകുമാരിയും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ശാന്തകുമാരി കുറ്റം സമ്മതിച്ചത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രഭാകരന്‍ നായരുടെ മൃതദേഹം ഷൊര്‍ണൂരില്‍ സംസ്‌ക്കരിച്ചു. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ ശാന്തകുമാരിയെ റിമാന്‍ഡ് ചെയ്തു.