സ്നേഹത്തിനും പ്രണയത്തിനും വേണ്ടി മനുഷ്യര്‍ ചെയ്യുന്ന ഒരോ കാര്യങ്ങൾ! തരംഗമായ പല കല്യാണ മാമാങ്കങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ തരംഗമായിട്ടുള്ളത് ഒരു വധു തന്റെ മൈലാഞ്ചിക്ക് ധരിച്ച വസ്ത്രമാണ്.
അപ്പോൾ നിങ്ങൾ കരുതും എന്താണ് ഇത്രേം വലിയ കാര്യമെന്ന്?
തന്റെ വധു വിവാഹത്തിന് തിളങ്ങണം എന്ന് ഏതൊരു വരനും ആഗ്രഹിക്കും. പക്ഷെ ഇത് കുറച്ച് കടന്ന കൈയ്യല്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായുള്ള മൈലാഞ്ചി ചടങ്ങില്‍ എൽഇഡി ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച ലെഹംഗ ധരിച്ചാണ് പാകിസ്താനി വധു റിഹാബ് ഡാനിയൽ എത്തിയത്. തന്റെ വരന്റെ ആഗ്രഹമായിരുന്നു താന്‍ ലൈറ്റുകളാൽ തിളങ്ങണമെന്ന്. അതു പ്രകാരമാണ് ഇങ്ങനെയൊരു വസ്ത്രം ധരിച്ചതെന്ന് റിഹാബ് ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.
വർണ്ണാഭമായ എൽഇഡി ലൈറ്റുകളുള്ള ലെഹംഗയിൽ ഭർത്താവിനൊപ്പം വധു കടന്നുവരുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. കൈകോർത്ത്, തുടർച്ചയായി മിന്നുന്ന ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച വസ്ത്രം ധരിച്ചാണ് ഭർത്താവിനൊപ്പം റിഹാബ് ചടങ്ങിലേക്ക് എത്തുന്നുത്. ആളുകൾ നിങ്ങളെ കളിയാക്കുമെന്ന് എന്നോട് പലരും പറഞ്ഞു, പക്ഷേ അഭിമാനത്തോടെയാണ് താന്‍ അത് ധരിച്ചതെന്ന് അവർ പറയുന്നു.
എങ്ങനെയാണ് ഇങ്ങനെ ഒരു ചിന്ത ഉണ്ടായി കാണുക? ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച ലെഹംഗ ധരിക്കുക എന്ന ഈ ആശയത്തിൽ ഇന്റർനെറ്റ് പല അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട്. ആശയം നല്ലതായിരുന്നു, പക്ഷേ ശരിയായി ചെയ്തില്ല. അവർ തിളങ്ങുന്ന തുണികളോ നന്നായി രൂപകൽപ്പന ചെയ്ത മറ്റെന്തെങ്കിലും ഉപയോഗിച്ചാൽ നന്നായിരുന്നു എന്ന് പറയുന്ന ചിലര്‍. ഇനിയും ഇത്തരം ശ്രമങ്ങൾ നടത്തരുതെന്ന് അവനോട് പറയണം എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായം പങ്കുവെച്ചു.