കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കാസർകോട് കെ എസ് ടി പി റോഡിൽ ഓട്ടോ തട്ടി വയോധികക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂർ ആയിറ്റി കോളനിയിൽ താമസിക്കുന്ന ഓടയിലെ ഖദീജ(76) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ചിത്താരി കെഎസ്ഇബി ഓഫീസിനു മുൻവശത്ത് വച്ച് ഓട്ടോ ഇടിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ ഓട്ടോ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ആദ്യം മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് ഹോസ്ദുർഗ് പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാൻ സോഷ്യൽ മീഡിയയിലൂടെ പ്രചരണവും നടത്തിയിരുന്നു. തുടർന്ന് വൈകിട്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. ഓട്ടോ ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. തൃക്കരിപ്പൂരിലെ മുഹമ്മദിന്റെ ഭാര്യയാണ്. മക്കൾ: അഷ്റഫ്, സുലൈഖ, മരുമകൻ: അസൈനാർ.