കാസര്‍കോട്: മഞ്ചേശ്വരം എസ് ഐയെയും പൊലീസുകാരനെയും ആക്രമിച്ച കേസില്‍ പ്രതികളെ തേടി അന്വേഷണ സംഘം മുംബൈയിലേക്ക് പോകുന്നു. മുഖ്യ പ്രതിയായ ഉപ്പളയിലെ റഷീദ്, കാലിയാ റഫീഖ് കൊലക്കേസ് പ്രതിയായ നൂറലി, സുഹൃത്തും ആണ് കേസില്‍ ഇനി പിടിയിലാകാനുള്ളത്. അതിനിടേ റിമാന്റില്‍ കഴിയുന്ന ജില്ലാ പഞ്ചായത്തംഗവും മുസ്ലീം യൂത്ത്ലീഗ് ജില്ലാ ജോയ്ന്റെ സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്ദുള്‍ റഹ്‌മാ(33)ന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്കാണ് മാറ്റി. കേസില്‍ നാലു പ്രതികളെ പിടികൂടാന്‍ ബാക്കിയുണ്ടെന്നും ജാമ്യം അനുവദിക്കുന്നത് മറ്റു പ്രതികളെ പിടികൂടുന്നതിനു തടസ്സമാകുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് എസ്.ഐ പി അനൂബിനെയും സിവില്‍ പൊലീസ് ഓഫീസര്‍ കിഷോറിനെയും ഉപ്പള, ഹിദായത്ത് നഗറില്‍ വച്ച് സംഘം ആക്രമിച്ചത്.
അഞ്ചംഗ സംഘം ആക്രമിച്ചുവെന്നാണ് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഇവരില്‍ അബ്ദുല്‍ റഹ്‌മാന്‍ മാത്രമാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ ഉപ്പളയിലെ റഷീദ് ഗോവയിലേയ്ക്കും അവിടെ നിന്നു ഗള്‍ഫിലേയ്ക്കും കടന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇയാളെ കണ്ടെത്തുന്നതിനു ഇന്റര്‍ പോളിന്റെ സഹായം തേടിയിട്ടുണ്ട്. മറ്റു മൂന്നു പ്രതികളില്‍ ഒരാള്‍ കാലിയാ റഫീഖ് കൊലക്കേസ് പ്രതിയായ നൂറലിയാണ്. ഇയാളും മറ്റു രണ്ടുപേരും മുംബൈയിലേയ്ക്ക് കടന്നതായാണ് സൂചന. ഇതോടെ കേസ് അന്വേഷണം മുംബൈയിലേയ്ക്ക് വ്യാപിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.