കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ ഗുരുതര കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി പി വി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്ന് ഓതറൈസഡ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നു. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചതില്‍ ചട്ടലംഘനമുണ്ടെന്നും കണ്ടെത്തി. പാര്‍ട്ണര്‍ഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചത്. അന്‍വറിന്റെ പക്കലുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നും ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കാന്‍ കക്ഷികള്‍ക്ക് 7 ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്. പിവി അന്‍വറിന് എതിരായ മിച്ചഭൂമി കേസില്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് നടത്തിയ സിറ്റിങിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുവരെ എംഎല്‍എയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ ലാന്‍ഡ് ബോര്‍ഡിനു മുന്‍പാകെ സമര്‍പ്പിച്ചിട്ടില്ല. അന്‍വറിന്റേയും കുടുംബത്തിന്റേയും പക്കല്‍ 19 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു.