കാസര്‍കോട്: കാര്‍ മറിഞ്ഞ് അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസ് (17)മരിച്ച സംഭവത്തില്‍ പൊലീസിനു വീഴ്ച്ച പറ്റിയിട്ടില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെതിരെ ബന്ധുക്കള്‍ രംഗത്ത്. കുട്ടിയുടെ മരണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നു നീതി ലഭിക്കില്ലെന്നും സി.ബി. ഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇതു സംബന്ധിച്ച് നിയമ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് ഈ ആഴ്ച്ച തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫര്‍ഹാസിന്റെ കുടുംബം അറിയിച്ചു. പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് കാര്‍ അമിതവേഗതയില്‍ ഓടിപ്പോയതെന്നും അതിനാല്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കു നേരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാണ് മുസ്ലീംലീഗു അടക്കമുള്ള സംഘടനകളും മരണപ്പെട്ട ഫര്‍ഹാസിന്റെ കുടുംബവും ആവശ്യപ്പെടുന്നത്. ഫര്‍ഹാസിന്റെ കുടുംബം നല്‍കിയ പരാതിയിലും അപകടസമയത്ത് കാറില്‍ ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികളുടെ മൊഴികളിലും വൈരുധ്യം ഉണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട കാറിനു പൂര്‍ണ്ണമായും ഫിറ്റ്നസ് ഇല്ലെന്നും കാറില്‍ ഉണ്ടായിരുന്നത് വിദ്യാര്‍ത്ഥികള്‍ ആണെന്നു അറിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളാണെന്ന് വ്യക്തമായിട്ടും പൊലീസ് പിന്തുടരുകയായിരുന്നുവെന്നാണ് ഫര്‍ഹാസിന്റെ കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ മാസം 25ന് ആണ് അമിതവേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി കളത്തൂര്‍, പള്ളത്തിനു സമീപത്ത് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്.