എറണാകുളം: അങ്കമാലി കുറുമശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ഗോപി ( 64 ), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്. മകന്‍റെ വൻ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.വിദേശത്ത് ജോലിക്ക് പോകാൻ പലരിൽ നിന്നായി ഷിബിൻ പണം വാങ്ങിയിരുന്നു. ഏജന്‍റിന് പണം കൈമാറിയെങ്കിലും വിസ ലഭിച്ചില്ല. ഷിബിന് വിദേശത്ത് പോകാനും സാധിച്ചില്ല. ഏജന്‍റ് പണം തിരികെ നൽകാനും തയ്യാറായില്ല. കടം വാങ്ങിയവരോട് പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ പല കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ ആളുകൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. അതോടെയാണ് കുടുംബത്തോടെ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നൽകുന്ന സൂചന. പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.