തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് (38)ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതി ബിനു മാനസികാസ്വസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസ് പറയുന്നത്. രാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് അനുജനെ കൊന്നു കുഴിച്ചുമൂടിയതായി ബിനു കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു. സഹോദരനെ കൊന്ന് വീടിന്റെ പിന്നില്‍ കുഴിച്ചുമൂടി എന്നതായിരുന്നു കുറ്റസമ്മതമൊഴി. ഇതനുസരിച്ച് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഓണക്കാലത്ത് അമ്മ ബന്ധുവീട്ടില്‍ പോയ സമയത്ത് സഹോദരങ്ങള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് ഒടുവില്‍ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.