ബംഗളൂരു: കർണാടകയിൽ കടുത്ത വരൾച്ചയുടെ പശ്ചാതലത്തിൽ മഴദൈവങ്ങളെ പ്രസാദിപ്പാക്കാൻ വിവിധ പൂജകളും, ആചാരങ്ങളും അനുഷ്ടാനങ്ങളുമായി നാട്ടുകാർ. കാർഷിക വിളകൾ കരിഞ്ഞ് തുടങ്ങിയതോടെയാണ് പരമ്പരാഗത പൂജകളുമായി നാട്ടുകാർ രംഗത്തെത്തിയത്. ഇതിന്‍റെ ഭാഗമായി പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിക്കുന്ന ചടങ്ങു നടക്കുന്നതായി റിപ്പോർട്ടുകൾ .ബംഗളൂരുവിന് സമീപമുള്ള ജില്ലകളിലാണ് ആൺകുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിക്കുന്ന ചടങ്ങ് നടന്നത്.ബെംഗളുരു റൂറൽ, ചിക്കബല്ലാപ്പൂർ, കോലാർ ജില്ലകളിലാണ് ഈ ആചാരമുള്ളത്. ചിന്താമണി താലൂക്കിലെ ഹിരേകാട്ടിഗേഹള്ളി ഗ്രാമവാസികൾ നടത്തിയ ആൺകുട്ടികളുടെ വിവാഹത്തിൽ ഗ്രാമങ്ങളിലെ മുഴുവൻ ജനങ്ങളും ഒത്തുചേർന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെയാണ് വിവാഹത്തിനായി തിരഞ്ഞെടുത്തത്. കുട്ടികളെ വധൂവരന്മാരായി അണിയിച്ചൊരുക്കി. താലിചാർത്തൽ അടക്കം എല്ലാ വിവാഹ ചടങ്ങുകളും നടത്തി. മഴദൈവങ്ങളെ വിളിച്ച് അനുഗ്രഹം തേടി, ആരതിയോടെയാണ് ആളുകൾ ചടങ്ങിൽ പങ്കെടുത്തത്.വധൂവരന്മാർക്ക് പണവും സമ്മാനമായി നൽകി. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ചടങ്ങ് നടന്നത്.അതിനിടെ കഴിഞ്ഞ മൂന്ന് ദിവസമായി ബംഗളൂരു നഗരമുൾപ്പെടെ ചുറ്റുമുള്ള ജില്ലകളിൽ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.