കർണാടകയിൽ ‘ഓപ്പറേഷൻ താമര’ ; നടപ്പാക്കാൻ ഒരു ദിവസം മതിയെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്സ് സർക്കാരിനെ അട്ടിമറിച്ച് ഓപ്പറേഷൻ താമര നടത്താൻ ഒരു ദിവസം ധാരാളമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്. 40-45 കോൺഗ്രസ്സ് എം.എൽ.എമാർ താനുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും, ഡൽഹിയിൽ നിന്ന് നേതാക്കളുടെ സമ്മതം ലഭിച്ചാൽ നാളെ തന്നെ ഓപ്പറേഷൻ താമര നടപ്പാക്കാൻ കഴിയുമെന്നും ബി.എൽ സന്തോഷ് പറഞ്ഞു. പക്ഷ ബിജെപിക്ക് അത് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തത്കാലം കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ശ്രമിക്കുന്നില്ലെന്നും ബി.എൽ സന്തോഷ് വ്യക്തമാക്കി. ബംഗലൂരുവിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി. ബിജെപി വിട്ട് ആരും കോൺഗ്രസ്സിലേക്ക് പോകില്ലെന്നും അഥവാ 10 നേതാക്കൾ പോയാൽ തന്നെ അതിന് പകരം വെക്കാവുന്ന ആളെ പാർട്ടി കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ പാർട്ടി തകർന്നടിയുമെന്ന് ഏവരും പറഞ്ഞു. എന്നാൽ 60 സീറ്റുകൾ നേടി ശക്തമായ പ്രതിപക്ഷമായി ബിജെപി നിലനിൽക്കുന്നതായും ബി.എൽ സന്തോഷ് പറഞ്ഞു.