മധ്യവയസ്കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; 4 പേർ അറസ്റ്റിൽ ; കൊന്നത് മദ്യപാനം ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മണൽ മാഫിയ സംഘത്തിന്റെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനാണ് മണമ്പൂർ സ്വദേശി ബൈജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതികൾ ബൈജുവിനെ സംഘം ചേർന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. 28 ന് രാവിലെ പത്ത് മണിയോടെയാണ് മണമ്പൂര്‍ ശങ്കരന്‍മുക്ക് ശിവശൈലം വീട്ടില്‍ സദാശിവന്റെ മകന്‍ ബൈജുവിനെ വീടിന് മുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. കടയ്ക്കാവൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്   കൊലപാതകമാണെന്ന് തെളിഞ്ഞത്. മണമ്പൂര്‍ സ്വദേശികളായ റിനു, ഷൈബു, അനീഷ്, വിശാഖ് എന്നിവരാണ് കൊലപാതക കേസിൽ പിടിയിലായത്.

  മണമ്പൂര്‍ ജംഗ്ഷന് സമീപം ജെ.സി.ബിയും ടിപ്പര്‍ ലോറിയും പാര്‍ക്ക് ചെയ്യുന്ന യാര്‍ഡില്‍ രാത്രി സമയത്തുള്ള പ്രതികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനമായത്. വാക്കുതര്‍ക്കം സംഘം ബൈജുവിനെ മര്‍ദ്ദിക്കുന്നതിലേക്ക് നീണ്ടു. ബൈജുവിന്റെ തലയ്ക്ക് പിന്നില്‍ പ്രതികള്‍ ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ബൈജുവിനെ പ്രതികള്‍ വീടിന് മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പ്രതികള്‍ ബൈജുവിനെ വീടിന് മുന്നില്‍ കൊണ്ടിടുന്നതും അതിനുശേഷം വന്ന് ബൈജുവിനെ നിരീക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page