ഇക്കുറിയും ഇടയിലക്കാട്ടില്‍ വാനരന്‍മാര്‍ക്ക് ഓണസദ്യ വിളമ്പി; സദ്യയ്ക്ക് നേതൃത്വം നല്‍കാന്‍ നടന്‍ പി.പി കുഞ്ഞികൃഷ്ണനും

കാസര്‍കോട്: ഇടയിലെക്കാട് കാവിലെ വാനരപ്പടയുടെ ഓണ സദ്യ പതിനാറാം വര്‍ഷത്തിലും മുടക്കമില്ലാതെ നടന്നു. പ്രദേശത്തെ നവോദയ ഗ്രന്ഥാലയം ബാലവേദി പ്രവര്‍ത്തകരാണ് വാനരര്‍ക്ക് സദ്യ ഒരുക്കിയത്. ഭക്ഷണവിഭവങ്ങള്‍ ആവോളം വയറ്റിനകത്താക്കി കാണികള്‍ക്കു നേരെ കൊഞ്ഞനം കുത്തി ആഹ്ലാദം പ്രകടിപ്പിച്ച് വാനരപ്പട ഓണസദ്യ കെങ്കേമമായി ഉണ്ടു. വാര്‍ധക്യത്തിന്റെ അവശതകള്‍ വകവെക്കാതെ കട്ടില്‍ വിട്ട് കാവിനരികിലേക്ക് കടന്നു വന്ന ചാലില്‍ മാണിക്കമ്മയും ഓണത്തിരക്കുകള്‍ക്കിടയില്‍ സിനിമാ നടന്‍ പി പി കുഞ്ഞികൃഷ്ണനും സദ്യയ്ക്ക് നേതൃത്വം നല്‍കാനെത്തിയപ്പോള്‍ കാണികളുടെ ആഹ്ലാദം ഇരട്ടിച്ചു. കുട്ടിപ്പാട്ടുകള്‍ പാടി കുട്ടികള്‍ക്കൊപ്പം ഘോഷയാത്രയില്‍ പങ്കുചേര്‍ന്ന് സദ്യയ്ക്ക് വാഴയില വെച്ച് പി പി കുഞ്ഞികൃഷ്ണനും ‘പപ്പീ’….. എന്ന് വാനരപ്പടയുടെ തലവനെ നീട്ടിവിളിച്ച് ചോറുരുളകള്‍ വിളമ്പി മാണിക്കവും സദ്യയുടെ ഭാഗമായി ഓണസദ്യയില്‍ പതിനാറ് വിഭവങ്ങളാണ് ഉപ്പുചേര്‍ക്കാത്ത ചോറിനൊപ്പം വിളമ്പിയത്. ചക്ക, പൈനാപ്പിള്‍, തണ്ണി മത്തന്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട് ,കക്കിരി, വെള്ളരി, ചെറുപഴം, നേന്ത്രപ്പഴം ,ഉറുമാന്‍ പഴം, മത്തന്‍, സീതാപ്പഴം, പപ്പായ, പാഷന്‍ ഫ്രൂട്ട്, നെല്ലിക്ക, സപ്പോട്ട എന്നീ പൂക്കളും പച്ചക്കറികളുമാണ് ഇലയില്‍ കൊതിയൂറും വിഭവങ്ങളായി കുട്ടികള്‍ വിളമ്പിയത്.
പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ പ്രായമേറേയായവ വരെ ആ കൂട്ടത്തിലുണ്ടായിരുന്നു. കാടിനു വെളിയിലെ റോഡരികില്‍ ഒരുക്കിയ പന്തിക്ക് പരിസരമായി ജനക്കൂട്ടത്തെ കണ്ടതും മിന്നിമറയുന്ന ക്യാമറയും ഇവറ്റകളെ ആദ്യമൊന്ന് പ്രകോപിച്ചെങ്കിലും പിന്നീട് ഒന്നൊന്നായി സദ്യക്കായെത്തി. സ്വന്തം ഇലയിലെ വിഭവങ്ങള്‍ ഒന്നൊന്നായി കഴിച്ചും ബാക്കി കവിളില്‍. ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി വേണുഗോപാലന്‍, ഗ്രന്ഥാലയം സെക്രട്ടറി വി കെ കരുണാകരന്‍, ബാലവേദി കണ്‍വീനര്‍ എം ബാബു, പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം, പി വി സുരേശന്‍, എ സുമേഷ്, എം കൃഷ്ണന്‍, പി സുധീര്‍, എന്‍ കെ സതീശന്‍, സി ജലജ, സ്വാതി വിശ്വനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page