അധ്യാപകര്‍ ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയാല്‍ പിടിച്ചെടുക്കും; സര്‍ക്കാര്‍ പറയുന്ന കാര്യമിതാണ്

ഹൈദരാബാദ്: അധ്യാപകര്‍ ക്ലാസ് മുറിയില്‍ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ആന്ധ്ര സര്‍ക്കാര്‍. ക്ലാസ് മുറിക്കുള്ളില്‍ അധ്യാപകര്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ തിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അധ്യാപകര്‍ എപ്പോഴും ഉപയോഗിച്ചില്ലെങ്കിലും ക്ലാസിനുള്ളില്‍ ഫോണുമായി വരുമ്പോള്‍ കുട്ടികള്‍ക്ക് ശ്രദ്ധയോടെ ക്ലാസിലിരിക്കാന്‍ കഴിയില്ലെന്ന യുനെസ്‌കോയുടെ 2023 ലെ ഗ്ലോബല്‍ എജ്യുക്കേഷണല്‍ മോണിറ്ററിങ് റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. മൂന്നാം തവണയും അധ്യാപകന്‍ മൊബൈല്‍ ഫോണ്‍ പോളിസി ലംഘിച്ചാല്‍ ഫോണ്‍ പിടിച്ചെടുത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് (ഡിഇഒ) അയയ്ക്കും. സര്‍വീസ് ബുക്കില്‍ നിയമലംഘനം രേഖപ്പെടുത്തിയ ശേഷം മാത്രമേ അധ്യാപകന് ഫോണ്‍ തിരികെ നല്‍കൂ.
അധ്യാപകര്‍ സ്‌കൂളിലെത്തിയാല്‍ ഉടന്‍ തന്നെ ഫോണ്‍ സൈലന്റ് മോഡിലാക്കണം. ക്ലാസ് മുറിയില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ശിക്ഷയുണ്ട്. ആദ്യത്തെ തവണയാണെങ്കില്‍ ഹെഡ്മാസ്റ്ററോ ഇന്‍സ്‌പെക്ഷന്‍ ഓഫീസറോ ഫോണ്‍ പിടിച്ചെടുത്ത് ആ ദിവസത്തെ സ്‌കൂള്‍ സമയം അവസാനിക്കുന്നതുവരെ ഓഫീസില്‍ സൂക്ഷിക്കണം. കുറ്റം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ അധ്യാപകന് ഫോണ്‍ തിരികെ ലഭിക്കൂ. രണ്ടാം തവണയും ഫോണ്‍ ഉപയോഗിച്ചാല്‍ വിദ്യാഭ്യാസ ഓഫീസറെ (എംഇഒ) അറിയിക്കണം. വീണ്ടുമൊരു തവണ കൂടി മുന്നറിയിപ്പ് നല്‍കി ഫോണ്‍ തിരികെ നല്‍കും.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബോച്ച സത്യനാരായണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അധ്യാപകരുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ ധാരണയായത്. അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പല അധ്യാപകരും ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണുകള്‍ എടുക്കുന്നത് അവരുടെ വ്യക്തിപരമായ ആവശ്യത്തിനാണെന്നും പ്രൊഫഷണല്‍ ആവശ്യത്തിനല്ലെന്നും ആന്ധ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതോടെ ക്ലാസ്‌റൂമിലെ അധ്യാപന സമയം കുട്ടികളുടെ പുരോഗതിക്കു വേണ്ടില്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page