മംഗളൂരു: ബൈന്ദൂരിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയ രണ്ട് മത്സ്യതൊഴിലാളികൾ മുങ്ങി മരിച്ചു. ബൈന്ദൂർ താലൂക്കിലെ ഷിരൂർ ഗ്രാമത്തിൽ താമസിക്കുന്ന ഗംഗോളി മുസാബ് (22), നസാൻ (24) എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെടെ നാല് മത്സ്യതൊഴിലാളികളാണ് ഞായാറാഴ്ച മത്സ്യബന്ധനത്തിന് പോയപ്പോൾ അപകടത്തിൽപ്പെട്ടത്.സാധാരണയായി കൈരമ്പാനി മേഖലയിൽ മീൻ പിടിക്കാറുള്ള ഇവർ അപകടത്തിൽപ്പെട്ട ദിവസം തീരത്ത് നിന്ന് കൂടുതൽ അകലേക്ക് പോവുകയായിരുന്നു. കടൽ പ്രക്ഷുബ്ധമായതോടെ മത്സ്യബന്ധന വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കടലിൽ ചാടി ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ബൈന്ദൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ നിരഞ്ജൻ ഗൗഡ, അഗ്നിശമന സേന, തീരദേശ സംരക്ഷണ സേന, തഹസിൽദാർ, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി