കാസര്‍കോട്: നടുറോഡിൽ മാരകായുധങ്ങള്‍ വീശി പ്രകോപനവും സംഘര്‍ഷവും സൃഷ്‌ടിച്ച യുവാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. യുവാക്കള്‍ക്കെതിരെ പൊലീസ് നരഹത്യാ ശ്രമത്തിനു കേസെടുത്ത് അറസ്റ്റു ചെയ്‌തു. കാസർകോട് ചൗക്കി ആസാദ് നഗര്‍ സ്വദേശികളായ നിയാസ്, അന്‍സാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മയക്കുമരുന്നു മാഫിയാ സംഘത്തിൽപ്പെടുന്നവരാണെന്നാണ് നാട്ടുകാരുടെ ആരോപണം. അടുത്തിടെ കണ്ണൂരില്‍ ഉണ്ടായ ബൈക്കപകടത്തില്‍ ചൗക്കി സ്വദേശികളായ രണ്ടുപേര്‍ മരിച്ചിരുന്നു.ഇവരുടെ മരണത്തിനു കാരണം ഇപ്പോള്‍ പിടിയിലായവരുമായുള്ള ബന്ധമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. യുവാക്കളുടെ മരണത്തോടെ മയക്കുമരുന്നു സംഘത്തിനെതിരെ നാട്ടുകാര്‍ കര്‍ശന നിലപാട് സ്വീകരിച്ചതാണ് യുവാക്കളെ പ്രകോപിതരാക്കിയതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.