കാഞ്ഞങ്ങാട്: ഓണാഘോഷത്തിനിടയില്‍ കുഴല്‍പ്പണ ഇടപാട് സജീവമാകാന്‍ ഇടയുണ്ടെന്ന സൂചനയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കി. വെള്ളിയാഴ്ച കാഞ്ഞങ്ങാട് അതിഞ്ഞാല്‍, കോയപ്പള്ളിക്കു സമീപത്തു വച്ച് നടന്ന വാഹന പരിശോധനയില്‍ ബൈക്കില്‍ കടത്താന്‍ശ്രമിച്ച കുഴല്‍പ്പണം പിടികൂടി. അണങ്കൂര്‍ സ്വദേശി ബി എം ഇബ്രാഹിമി (48)നെ 4.68 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി പൊലീസ് അറസ്റ്റു ചെയ്തു. എസ് ഐ രാജീവനും സംഘവും ബൈക്ക് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പണം പിടികൂടിയത്. കഴിഞ്ഞ ദിവസം കാസര്‍കോട്, കറന്തക്കാട്ട് ടൗണ്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ കുമ്പള, ബംബ്രാണ, ഉളുവാറിലെ അബൂബക്കര്‍ സിദ്ദീഖി(46)നെ 19,60,500 രൂപയുമായി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കുഴല്‍പ്പണവേട്ടയ്ക്കായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന.