ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ നിർത്തിയിട്ട ട്രെയിനിൽ തീപിടിച്ച് 9 പേർ വെന്തുമരിച്ചു. മധുര റെയിൽവേ സ്റ്റഷനിൽ നിർത്തിയിട്ടിരുന്ന ലഖ്നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ളീപ്പർ കോച്ചിലാണ് തീപിടിച്ചത്.യുപി സ്വദേശികളാണ് അപകടത്തിൽ മരിച്ചത്.മരിച്ചവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.ശബ്ദമാൻ സിങ്(65),മിഥിലേശ്വരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇരുവരും യു.പി സ്വദേശികളാണ്. ട്രെയിനിനുള്ളിൽ വച്ച് പാചകം ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ആകെ 60 പേരാണ് തീർത്ഥാടന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ഈ ട്രെയിനിലെ കോച്ചിൽ ഉണ്ടായിരുന്നത്. 20 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. തീപിടിച്ച ബോഗി പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. സംഭവത്തെകുറിച്ച് റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.അപകടത്തെ തുടർന്ന് മധുര വഴിയുള്ള ട്രയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.