13 സ്ത്രീകളുടെ മാല പൊട്ടിച്ച കള്ളനെ കിട്ടി, സ്വര്‍ണം നഷ്ടപ്പെട്ട വീട്ടമ്മമാര്‍ക്ക് ഓണക്കോടി നല്‍കി കാസര്‍കോട് പോലീസ്

കാസര്‍കോട്: മാല മോഷ്ടാവിനെ പിടികൂടിയ വിവരം അറിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയ സ്വര്‍ണം നഷ്ടപ്പെട്ട വീട്ടമ്മമാരെ സമാശ്വസിപ്പിക്കാന്‍ ഓണക്കോടി നല്‍കി കാസര്‍കോട് പോലീസ്. തങ്ങളുടെ സങ്കടം പങ്കുവെച്ച ഇവരെ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ആശ്വസിപ്പിച്ച് ഓണസമ്മാനമായി സെറ്റ് സാരി നല്‍കി തിരിച്ചയച്ചു. പ്രതി പിടിച്ചുപറിച്ച തൊണ്ടി മുതല്‍ കോടതിയുടെ അനുമതിയോടെ നിങ്ങളുടെ കയ്യില്‍ വൈകാതെ വന്നുചേരുമെന്നും ജില്ലാ പൊലീസ് മേധാവി അവരെ അറിയിച്ചു. ബേക്കല്‍ പോലീസ് സ്‌റ്റേഷനിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വീട്ടമ്മമാര്‍ കൂട്ടത്തോടെ എത്തിയത്. പ്രതിയെ പിടികൂടിയ പൊലീസിന് അഭിനന്ദനം നല്‍കാനും അവര്‍ മറന്നില്ല. കീഴൂര്‍ ചെറിയപ്പള്ളിയിലെ ഷംനാസ് മന്‍സിലില്‍ മുഹമ്മദ്ഷംനാസ് (30) ആണ് രണ്ടാഴ്ച നീണ്ട പൊലീസിന്റെ ശ്രമകരമായ ദൗത്യത്തില്‍ പിടിയിലായത്. 13 സ്ത്രീകളുടെ മാല പൊട്ടിച്ച കേസിലെ പ്രതിയാണ് യുവാവ്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്തിയതിനും ഉപയോഗിച്ചതിനും പ്രതി മുഹമ്മദ് ഷംനാസിനെതിരെ അഞ്ച് കേസുകളുണ്ട്. മേല്‍പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ ആറുകേസും കാസര്‍കോട് റെയില്‍വേസ്റ്റേഷനടുത്ത് മാലപൊട്ടിച്ച കേസും പരിയാരം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മാല പൊട്ടിച്ചതും പ്രതി സമ്മതിച്ചിട്ടുണ്ട്.പൊട്ടിച്ച മാലകള്‍ മേല്‍പറമ്പ്, കാസര്‍കോട്, എറണാകുളം, സുള്ള്യ എന്നിവിടങ്ങളില്‍ വിറ്റ് കാശാക്കുകയാണ് പതിവ്. 40 അംഗ പൊലീസ് സ്‌ക്വാഡ് ആണ് മാലക്കള്ളനെ പിടികൂടാന്‍ നിയോഗിച്ചത്. മൂന്ന് മാസമായി രാവും പകലും അന്വേഷണം നടത്തിവരികയായിരുന്നു പോലീസുകാര്‍. ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാര്‍, ബേക്കല്‍ സിഐ യു പി വിപിന്‍, മേല്‍പറമ്പ് സിഐ ടി ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍ സെലിന്റെ സഹായവും പൊലീസിന് ലഭിച്ചിരുന്നു. നാട്ടുകാരും കേസ് അന്വേഷണത്തിന് സഹായിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page