വെബ് ഡെസ്ക് : അബുദബിയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന് പുതിയ കെട്ടിടം പണിയുന്നതിനായി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എം.എ ഒരു മില്യൺ ദിർഹം ( 2.24 കോടി ഇന്ത്യൻ രൂപ) സംഭാവന ചെയ്തു.കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ച കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത വർഷം മെയ് മാസത്തോടെ പൂർത്തീകരിക്കാനുള്ള പാതയിലാണെന്ന് കത്തീഡ്രൽ വികാരി റവ. ഫാദർ എൽദോ എം പോൾ അറിയിച്ചു.
നിർമ്മാണ പ്രവർത്തനങ്ങളുടെ നാല്‍പത് ശതമാനത്തോളം പൂർത്തിയായി. അടുത്ത മാസം അവസാനത്തോടെ കെട്ടിടത്തിന്റെ അടിസ്ഥാന ഘടന പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തോടെ മുഴുവൻ ജോലികളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാദർ പോൾ പറഞ്ഞു.
സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ യു.എ.ഇ.യേക്കാൾ പഴക്കമുള്ളതാണ്. 1970-ൽ യു.എ.ഇയുടെ സ്ഥാപക പിതാവ് പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ് നഗരത്തിലെ ഖാലിദിയ പ്രദേശത്ത് പള്ളിക്ക് തറക്കല്ലിട്ടത്. 1983-ൽ പള്ളി മുഷ്‌രിഫ് ഏരിയയിലേക്ക് മാറ്റി. 2004-ൽ പള്ളി ഒരു കത്തീഡ്രലായി ഉയർത്തപ്പെട്ടു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 39 വർഷം പൂര്‍ത്തിയാക്കിയ പള്ളി കെട്ടിടം പൊളിക്കുകയായിരുന്നു. ഡിസംബറിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും ചെയ്തു. യു.എ.ഇ നേതൃത്വത്തിന്റെ നിരന്തരമായ പിന്തുണ സഭയ്‌ക്കുള്ളതായും ഫാദർ പോൾ പറഞ്ഞു.
പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുമ്പോൾ, പരിസരത്ത് തന്നെ പുതുതായി നിർമ്മിച്ച ഹാളിൽ പതിവ് പ്രാർത്ഥന സേവനങ്ങൾ നടക്കുന്നുണ്ട്. 25 മില്യൺ ദിർഹം (53 കോടി ഇന്ത്യൻ രൂപ) ചിലവ് വരുന്ന മൊത്തം പദ്ധതി രണ്ട് ഘട്ടങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ, ഇപ്പോൾ പ്രാര്‍ത്ഥനകള്‍ നടക്കുന്ന പുതിയ ഹാൾ നിർമിക്കുന്നത് 10 മില്യൺ ദിർഹം (22 കോടി ഇന്ത്യൻ രൂപ) ചെലവഴിച്ചാണ് . രണ്ടാം ഘട്ടത്തിൽ, കത്തീഡ്രലിന്റെ പുതിയ കെട്ടിടത്തിന് 15 മില്യൺ ദിർഹം ( 31 കോടി ഇന്ത്യൻ രൂപ) ആവശ്യമാണ്.
“യൂസഫലിയുടെ സംഭാവനകൾക്ക് ഞങ്ങൾ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. ഒരു പുതിയ കെട്ടിടം പണിയുന്നതിനുള്ള ദൈവത്തിന്റെ അനുഗ്രഹമാണ് അദ്ദേഹത്തിന്റെ സാമ്പത്തിക സഹായം. ജാതി, മത, വർഗ, മത വ്യത്യാസമില്ലാതെ മറ്റുള്ളവരെ സഹായിക്കുക എന്ന ദൗത്യത്തിലാണ് യൂസഫലി. മറ്റുള്ളവരിൽ നിന്നും കൂടുതൽ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇടവകയിൽ 1,800 കുടുംബങ്ങൾ 6,000 വരെ അനുയായികളും ഉണ്ട്. പ്രാർത്ഥനാ സേവനത്തിനായി 2,000 പേരെ ഉൾക്കൊള്ളിക്കാന്‍ പുതിയ കെട്ടിടത്തിന് കഴിയും,” ഫാദർ പോൾ കൂട്ടിച്ചേർത്തു.