കാസര്‍കോട്: ചന്ദ്രയാന്‍ -3നെ വിജയകരമായി ചന്ദ്രനില്‍ ഇറക്കിയ ശാസ്ത്രസംഘത്തില്‍ പ്രധാനിയായി കാസര്‍ കോട് സ്വദേശിയും. ചെങ്കള എരിയപ്പാടിയില്‍ ജനിച്ച് വളര്‍ന്ന കൃഷ്ണമോഹനഷാന്‍ബോഗിന്റെ പ്രശസ്തിയാണ് ചന്ദ്രനോളം ഉയര്‍ന്നത്.
എരിയപ്പാടിയിലെ വിഷ്ണുഷാന്‍ബോഗ്-പ്രേമാവതി ദമ്പതികളുടെ മകനാണ് . പാടി എല്‍ പി സ്‌കൂളിലെ പ്രാഥമിക പഠനത്തിനു ശേഷം കാസര്‍കോട് ബി ഇ എം സ്‌കൂളിലെത്തി 1981ല്‍ പത്താം തരം പരീക്ഷ ഉന്നതനിലയില്‍ പാസായി പുത്തൂരിലെ വിവേകാനന്ദ കോളേജിലായിരുന്നു പി യു സി പഠനം. പിന്നീട് ഭോപ്പാലില്‍ നിന്നു ബി ടെക് പഠനം പൂര്‍ത്തിയാക്കി. സുരത്ത്കല്ലില്‍ നിന്നു എംടെക് നേടി. ശാസ്ത്രഗവേഷണത്തില്‍ ഇതിനകം തന്നെ മികച്ച സംഭാവനകള്‍ നല്‍കിയ കൃഷ്ണമോഹനന്‍ ഷാന്‍ബോഗിന് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ഐ എസ് ആര്‍ ഒയുടെ തിരുവനന്തപുരം യൂണിറ്റില്‍ ജോലിയില്‍ കയറി. അവിടെ നിന്നും ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനു അടിത്തറയിട്ട ചന്ദ്രയാന്‍-2 നു മുന്നോടിയായി കൃഷ്ണമോഹനന്‍ ബംഗ്ളൂരു ഐ എസ് ആര്‍ ഒയില്‍ എത്തി. ചന്ദ്രയാന്‍-2ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് സുപ്രധാന പങ്ക് വഹിച്ചു. ചന്ദ്രയാന്‍-3ല്‍ റോക്കറ്റിലെ ഫ്യൂവല്‍ ലോഡിംഗ് വിഭാഗത്തിലെ ജനറല്‍ മാനേജര്‍, എന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. മറ്റു മൂന്നു സഹപ്രവര്‍ത്തകര്‍ കൂടി ഒപ്പമുണ്ടായിരുന്നു . ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ഐ എസ് ആര്‍ ഒയില്‍ നേരിട്ട് വീക്ഷിച്ച ശാസ്ത്രജ്ഞ സംഘത്തില്‍ ഒരാളായിരുന്നു കൃഷ്ണമോഹനന്‍.
കവിതയാണ് ഭാര്യ. മക്കള്‍: ശ്രാവ്യ, ശ്രേയ. കൃഷ്ണമോഹനന്റെ ശാസ്ത്രനേട്ടത്തില്‍ കാസര്‍കോട് ബി ഇ എം സ്‌കൂളും ആഹ്ലാദത്തിലാണ്.