വൈദ്യുത ടില്ലര്‍ വികസിപ്പിച്ച് കാസര്‍കോട് എൽ.ബി.എസ് എഞ്ചിനീയറിങ് കോളേജ്
കാസര്‍കോട്: ഒറ്റത്തവണ ചാര്‍ജിലൂടെ മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുന്ന വൈദ്യുത ടില്ലര്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത് കാസർകോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗം. കേരളത്തിലെ പാടശേഖരങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ശക്തിയേറിയ വൈദ്യുത ടില്ലര്‍ 750 വാട്ട് മോട്ടോറും നാല് 28 അവ ബാറ്ററികളും അടങ്ങുന്നതാണ്. പെട്രോള്‍/ഡീസല്‍ ടിലറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക്ക് ടില്ലറിനു പത്തില്‍ ഒന്നു മാത്രമാണ് പ്രവര്‍ത്തന ചിലവ്.
പ്രൊഫസര്‍ എ.വി.ബേബി സിന്ധു, പ്രൊഫ. വി.ഷീജ എന്നിവരുടെ കീഴില്‍ ടി.എ.നിതിന്‍, കെ.ടി.അശ്വിന്‍, കെ.പി.മുഹമ്മദ് ഹുസൈര്‍, യു.വിഘ്‌നേഷ്, കെ.ജെ.കാര്‍ത്തിക്, എം.വൈശാഖ്, കെ.വി.വിഷ്ണുപ്രസാദ് എന്നീ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഹാര്‍വെസ്റ്റ് ഹോളര്‍ എന്ന ടില്ലര്‍ വികസിപ്പിച്ചെടുത്തത്. പ്രോജക്ടിന് കേരള സാങ്കേതിക സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ സി.ഇ.ആര്‍.ഡി ഫണ്ടിങ് ലഭിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണ വിമുക്തവും പ്രവര്‍ത്തന ചെലവ് തുച്ഛവുമായ ടില്ലര്‍ കര്‍ഷകര്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവർ ടില്ലർ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ സെക്രട്ടറി സി.വി.കൃഷ്ണന്‍, വൈസ് പ്രസിഡണ്ട് മുജീബ് മാങ്ങാട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.ജയചന്ദ്രന്‍ ,ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗം മേധാവി പ്രൊഫസര്‍ ജയകുമാര്‍ , പ്രൊഫസര്‍ എ.വി. ബേബി സിന്ധു എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.