പാലക്കാട് : പാലക്കാട് തിരുവാഴിയോട് കല്ലട ട്രാവൽസിന്‍റെ ബസ്സ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവി ആണ് മരിച്ച ഒരാൾ. മറ്റൊരു മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 25 വയസ്സ് പ്രായം വരുന്ന യുവാവാണ് മരിച്ചതെന്നാണ് വിവരം. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സ് ആണ് മറിഞ്ഞത്. രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. തിരുവാഴിയോട് കാർഷിക വികസന ബാങ്ക് കെട്ടിടത്തിന് സമീപമായിരുന്നു അപകടം. യാത്രക്കാരും ജീവനക്കാരും അടക്കം 38 പേരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരെ പാലക്കാട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മറിഞ്ഞ ബസ്സിന് അടിയിൽപ്പെട്ടവരാണ് മരിച്ചത്. അപകടം നടന്ന ഉടനെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ആരംഭിച്ചു. 20 മിനിട്ടിലധികം സമയമെടുത്താണ്ല ബസ്സിനടിയിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
