ഇനി റെഡ് സിഗ്നല്‍ മറികടന്നാല്‍ പണിപാളും; ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയുമായി എം.വി.ഡി
തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ കര്‍ശനമാകുന്ന സന്ദര്‍ഭത്തില്‍ പുതിയ നടപടിയുമായി മോട്ടോര്‍ ഗതാഗതവകുപ്പ്. ഇനിമുതല്‍ റെഡ് സിഗ്നല്‍ മറികടന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. മറ്റ് യാത്രക്കാരെ അപകടപ്പെടുത്തുന്നവിധത്തില്‍ അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ എന്നിവയ്ക്കാണ് പൊതുവേ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഒരോ ജില്ലയിലും പ്രധാന ട്രാഫിക് കവലകളില്‍ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ക്യാമറയിലും മൊബൈലിലും പകര്‍ത്തുന്ന ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.മാര്‍ നടപടിയെടുക്കുന്നത്. കൂടാതെ ക്യാമറ പിടികൂടുന്ന കേസുകളിലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 2017-ലെ ചട്ടപ്രകാരമാണിത് പ്രാബല്യത്തില്‍ വരുന്നത്.