ബുഡാപെസ്റ്റ്: എതിരാളികളെ മറികടന്ന് ഫിനിഷിങ് ലൈനിലേക്ക് പാഞ്ഞെത്തിയ നോഹ ലൈല്‍സാണ് ലോക അത്‌ലെറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ചാമ്പ്യന്‍. 9.83 സെക്കന്‍ഡിലാണ് 100 മീറ്റര്‍ പിന്നിട്ട് വിജയം കരസ്ഥമാക്കിയത്. നിലവിലെ 200 മീറ്റര്‍ ചാമ്പ്യന്‍ കൂടിയാണ് ഈ ഇരുപത്തിയാറുകാരന്‍. ലൈല്‍സിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണ് 9.83 സെക്കന്‍ഡ് എന്നത്. ബോട്‌സ്വാനയുടെ ലെറ്റ്‌സീലി ടെബോഗോ (9.88) രണ്ടാം സ്ഥാനത്തും ബ്രട്ടന്റെ ഷാര്‍നെല്‍ ഹ്യൂസ് (9.88) മൂന്നാം സ്ഥാനത്തുമെത്തി. സെക്കന്‍ഡിന്റെ മൂവായിരത്തില്‍ ഒരംശത്തിന്റെ അകലമാണ് വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്കിടയിലുണ്ടായിരുന്നത്. ഇറ്റലിയുടെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ മാര്‍സല്‍ ജേക്കബ്‌സ് സെമിയില്‍ പുറത്തായിരുന്നു. തുടര്‍ച്ചയായ നാലാം ലോക ചാമ്പ്യന്‍ഷിപ്പിലാണ് പുരുഷന്‍മാരിലെ വേഗ ചാമ്പ്യന്‍ഷിപ്പ് യു എസ് സ്വന്തമാക്കുന്നത്. സ്പ്രിന്റ് ഡബിളാണ് 200 മീറ്റര്‍ സ്‌പെഷലിസ്റ്റായ ലൈല്‍സിന്റെ അടുത്ത ലക്ഷ്യം. ഉസൈന്‍ ബോള്‍ട്ടിന് ശേഷം ഒരു പുരുഷതാരത്തിനും ഇതുവരെ ലോക അത്‌ലറ്റിക്‌സില്‍ സ്പ്രിന്റ് ഡബിള്‍ തികക്കാനായിട്ടില്ല.