കൊച്ചി: ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്നും മനസു കൊണ്ടും സ്‌നേഹം കൊണ്ടും നമുക്ക് ഒരേപോലെയാകാമെന്നും നടന്‍ മമ്മൂട്ടി. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. തന്റെ ചെറുപ്പകാലം മുതല്‍ അത്തച്ചമയാഘോഷങ്ങളില്‍ സജീവമായിരുന്നു എന്നും ഏത് സങ്കല്‍പ്പത്തിന്റെയോ ഏത് വിശ്വാസത്തിന്റെയോ പേരിലായാലും അത്തം എല്ലാവരെയും സംബന്ധിച്ചിടത്തോളം ഒരാഘോഷമാണെന്നും മമ്മൂട്ടി വേദിയില്‍ പറഞ്ഞു. ഓണത്തിന്റെ നല്ല നാളുകള്‍ അത്തം മുതല്‍ പത്തു ദിവസം വരേക്ക് മാത്രം ചുരുങ്ങാതെ 365 ദിവസവും ഈ സ്നേഹവും സന്തോഷവും നിലനില്‍ക്കണം. പണ്ടൊക്കെ രാജാക്കന്മാര്‍ സര്‍വാഭരണ വിഭൂഷിതരായി എത്തിയിരുന്ന ഘോഷയാത്ര, ഇന്ന് രാജഭരണം പോയി, ഇപ്പോള്‍ പ്രജകളാണ് രാജാക്കന്മാര്‍. ഈ ആഘോഷം പൂര്‍ണമായും ജനങ്ങളുടേതാണ്, മമ്മൂട്ടി ഏവര്‍ക്കും അത്തച്ചമയാഘോഷ ആശംസകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞു. ഈ ആഘോഷം ഒരു വലിയ സാഹിത്യ, സംഗീത, സാംസ്‌കാരിക ആഘോഷമാക്കി മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യവും മമ്മൂട്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.