സന്യാസി വേഷത്തിലെത്തിയ ആള്‍ അഞ്ച് വയസ്സുകാരനെ നിലത്തടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഓംപ്രകാശിനെ പോലീസ് അറസ്റ്റുചെയ്തു. മഥുരയിലെ ഗോവര്‍ദ്ധന്‍ ഏരിയയിലെ രാധാകുണ്ഡ് കമ്മ്യൂണിറ്റി സെന്ററിന് സമീപമായിരുന്നു സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ 52 കാരനായ പ്രതി ആക്രമിക്കുകയായിരുന്നു. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നിലത്തടിച്ച് എറിയുകയായിരുന്നു. പലതവണ നിലത്തടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. കാലില്‍ പിടിച്ച് പലതവണ നിലത്തടിച്ചതോടെ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുട്ടിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ നടുക്കുന്ന കാഴ്ചയാണ് കണ്ടത്. രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ നാട്ടുകാര്‍ പിടികൂടി. ഇയാളെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. പിന്നീട് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.