വിദ്വേഷപ്രസംഗം ആര് നടത്തിയാലും നടപടി വേണമെന്ന് സുപ്രീം കോടതി; കാഞ്ഞങ്ങാട്ടെ ലീഗ് റാലിയിലെ മുദ്രാവാക്യത്തില്‍ പ്രതികരിച്ച് കോടതി
ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗം ആര് നടത്തിയാലും ഒരുപോലെയുള്ള നടപടി വേണമെന്ന് സുപ്രീംകോടതി. ഹരിയാനയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കാഞ്ഞങ്ങാട്ട് ജൂലായില്‍ നടന്ന ലീഗ് റാലിയിലെ ഹിന്ദുവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കെതിരെ കോടതിയുടെ പ്രതികരണം. വിദ്വേഷപ്രസംഗം ഏത് ഭാഗത്തുള്ളവര്‍ നടത്തിയാലും ഒരുപോലെ കാണണമെന്നതില്‍ സംശയമില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ആരെങ്കിലും വിദ്വേഷ പ്രസംഗം നടത്തിയതായി കണ്ടാല്‍ നിയമപരമായി നടപടി സ്വീകരിക്കും. ഇക്കാര്യം ആവര്‍ത്തിച്ച് പറയേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് കേസ് ഈമാസം 25-ന് പരിഗണിക്കാനായി മാറ്റി. ഹരിയാണയിലെ നൂഹിലും ഗുരുഗ്രാമിലുമായി നടന്ന സാമുദായിക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റാലി നടത്തിയിരുന്നു. ഇതില്‍ വിദ്വേഷപ്രസംഗങ്ങളും അക്രമസംഭവങ്ങളുമുണ്ടാകുമെന്നുകാട്ടി റാലിക്ക് മുന്‍പായി മാധ്യമപ്രവര്‍ത്തകന്‍ ഷഹീന്‍ അബ്ദുള്ള സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹരിയാനയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുസ്ലിങ്ങള്‍ക്കെതിരേ നടന്ന വിദ്വേഷപ്രസംഗം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. വിദ്വേഷപ്രസംഗം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളാണ് പ്രധാനമായും സുപ്രീംകോടതി പരിഗണിക്കുന്നത്. വിദ്വേഷപ്രസംഗം സംബന്ധിച്ച് തെഹ്സീന്‍ പൂനാവാല കേസില്‍ സുപ്രീംകോടതി ഇറക്കിയ മാര്‍ഗരേഖകള്‍ പാലിക്കപ്പെടണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. നേരത്തേ, ഷഹീന്‍ അബ്ദുള്ളതന്നെ നല്‍കിയ ഹര്‍ജിയില്‍ വിദ്വേഷപ്രസംഗങ്ങള്‍ തടയാന്‍ സുപ്രീംകോടതി വിവിധ നിര്‍ദേശങ്ങള്‍ ഇറക്കിയിരുന്നു.