ശ്രീനഗർ: ലഡാക്കിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒൻപതു സൈനികർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറരയോടെ കാറുവിൽനിന്നു സമീപത്തെ തടാകത്തിന് അടുത്തയുള്ള ക്യാറിയിലേക്കു സഞ്ചരിക്കുന്നതിനിടെയാണ് അപകടം. പത്ത് സൈനികർ സഞ്ചരിച്ച ട്രക്ക് റോഡിൽനിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് പുഴയിൽ പതിക്കുകയായിരുന്നു. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എട്ട് ജവാൻമാരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറുമാണ് മരിച്ചത്.മറ്റൊരു എസ്.യു.വിയും ആംബുലൻസും ഉൾപ്പെടെ 34 സൈനികർ ഉൾപ്പെട്ട ട്രൂപ്പിന്റെ ഭാഗമായിരുന്നു അപകട്ടത്തിൽപ്പെട്ട ട്രക്ക്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.