എറണാകുളം: പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പിച്ച് പോക്‌സോ കേസിലെ പ്രതി ആത്മഹത്യ ചെയ്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതൃസഹോദരനാണ് പ്രതി. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ചത്. കുട്ടി വീട്ടില്‍ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടി തുണി അലക്കുന്നതിനിടെ പിറകിലൂടെ എത്തി പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയുടെ ഇടതു വശത്ത് ചെവിയുടെ പിന്നില്‍ ആഴത്തില്‍ മുറിവുണ്ട്. പരുക്കേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്, വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിക്കെതിരെ ഒരു വര്‍ഷം മുന്‍പു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസുണ്ട്. 2021 ല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഈ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് സംഭവം. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവ് പുത്തന്‍കുരിശില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനും സഹോദരി സ്‌കൂളിലും പോയ നേരത്തായിരുന്നു ആക്രമണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് നാട്ടുകാര്‍ പിരിവിട്ട് എട്ടു ലക്ഷം രൂപ ചെലവില്‍ വീടുവച്ചു നല്‍കിയിരുന്നു.