കാസര്‍കോട്: കേരളത്തിന്റെ സംസ്കാരവും, പ്രകൃതി സൗന്ദര്യവും, വിനോദ സഞ്ചാര സാധ്യതയും മറ്റ് സംസ്ഥാനത്തുള്ളവരെ പരിചയപ്പെടുത്തുകയും, അവരെ ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭാരത പര്യടനത്തിന് ഒരുങ്ങുകയാണ് മൊഗ്രാലിലെ ഫാത്തിമത്ത് അഷ്ഫാനയും കുടുംബവും. അഷ്ഫാനയുടെ ഭർത്താവ് ഗാളിമുഗത്തെ മുഹമ്മദ് ഷിംഷാദ്, മകൻ മുഹമ്മദ് ഷൈൻ, സഹോദരി ഖദീജത്ത് ശാസ എന്നിവരടങ്ങിയ 4അംഗ കുടുംബമാണ് സ്വന്തം വാഹനത്തിൽ പര്യടനത്തിനൊരുങ്ങുന്നത്. ഞായറാഴ്ച രാവിലെ 11:30ന് (20/08/23) കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന പര്യടനം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. മൂന്ന് മാസം കൊണ്ട് യാത്ര പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മഹീന്ദ്ര താര്‍ വാഹനത്തിലാണ് യാത്ര. താമസം ഹോട്ടലുകളിലാണെങ്കിലും യാത്രയില്‍ ഉടനീളം പരമാവധി ഭക്ഷണം പാകം ചെയ്ത് കഴിക്കാനാണ് ഇവരുടെ തീരുമാനം.