പത്തനംതിട്ട:പത്തനംതിട്ടയിലെ ജില്ലാ ലോട്ടറി ഓഫീസില്‍ അക്രമം. ലോട്ടറി ഏജന്റ് എന്ന് അവകാശപ്പെട്ടെത്തിയ ആൾ കമ്പ്യൂട്ടറിന്‍റെ മോണിറ്ററും പ്രിന്ററും എറിഞ്ഞുടച്ചു. സംഭവത്തില്‍ നാരങ്ങാനം സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോട്ടറി വകുപ്പാകെ തട്ടിപ്പ് പ്രസ്ഥാനമാണെന്ന് ആക്ഷേപിച്ചായിരുന്നു ആക്രമണം. വകുപ്പില്‍ നടക്കുന്നതെല്ലാം ലോട്ടറി ഏജന്റുമാര്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണെന്നും ഇയാള്‍ ആക്ഷേപിച്ചു. പ്രകോപനപരമായി പെരുമാറുകയും ആളുകളെ വെല്ലുവിളിക്കുകയും ചെയ്ത വിനോദ് ഓഫീസ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. കോടതി ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തോട് ചേര്‍ന്നാണ് ലോട്ടറി ഓഫീസും പ്രവര്‍ത്തിക്കുന്നത്. ടൗൺ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് സംശയം. കഴിഞ്ഞദിവസം ഇയാള്‍ മാവേലിയുടെ വേഷം കെട്ടി സാമൂഹിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഓഫീസ് ആക്രമണത്തിൽ കേസ് എടുക്കമെന്ന് പൊലീസ് അറിയിച്ചു.