കസ്റ്റംസ് സംഘത്തെ ആക്രമിച്ച കവർച്ചാ സംഘത്തലവൻ ഡിങ്കൻ റിയാസും കൂട്ടാളികളും കരിപ്പൂരിൽ പിടിയിൽ ; പിടിയിലായത്  നിരവധി കേസുകളിലെ പ്രതികൾ

  കോഴിക്കോട് :  കോഴിക്കോട്, മലപ്പുറം ജില്ലകൾ   കേന്ദ്രീകരിച്ച് കവർച്ചയും മറ്റ്    ക്രിമിനൽ പ്രവർത്തികളും നടത്തിവന്ന സംഘത്തിലെ   3 പേർ  പിടിയിലായി. കോഴിക്കോട് ഫറുഖ് കരുവാൻ തുരുത്ത് സ്വദേശികളായ  ചെറുകുണ്ടിൽ മുഹമ്മദ് റിയാസ് (28) എന്ന ഡിങ്കൻ റിയാസ്,  കണ്ണംപറമ്പത്ത് ഷാജഹാൻ (24) എന്ന നഞ്ചക്ക് ഷാജു, പടുവങ്ങര ഫഹീം ഫായിസ് (25) എന്നിവരാണ് പിടിയിലായത്.

2022 ൽ  ഇൻഡിഗോ വിമാന ജീവനക്കാരെ ഉപയോഗിച്ച് കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി സ്വർണ്ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ്  റിയാസിനെതിരെ  കേസ് എടുത്തിരുന്നു. തുടർന്ന് രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ പിടികൂടാൻ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കരിപ്പൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് ഒളിവിൽ പോയ റിയാസ് വിവിധ സംസ്ഥാനങ്ങളിലായി  ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പിന്നീട് ഈ വർഷം ആദ്യം കൊണ്ടോട്ടി മൊറയൂർ സ്വദേശിയായ യുവാവിനെ ഇയാളുടെ ഷോപ്പിൽ കയറി മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡിങ്കൻ റിയാസിന്റെ സംഘത്തിലെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. അന്നും റിയാസ് അതി വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.

9.8.23 തിയ്യതി രാത്രി  എയർപോർട്ട് പരിസരത്ത് വച്ച് റിയാസും സംഘവും വേങ്ങര സ്വദേശിയായ യുവാവിനേയും സുഹൃത്തിനേയും അക്രമിച്ച് ഇവരുടെ വാഹനം സഹിതം തട്ടി കൊണ്ടുപോയി ഫറൂഖ് കടലുണ്ടിയിൽ കൊണ്ടുപോയി ഇവരെ ഇറക്കി വിട്ടു വാഹനം കവർച്ച ചെയ്തു കൊണ്ടുപോയിരുന്നു. ഇവരുടെ പരാതിയിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർച്ചയായി മലപ്പുറം ജില്ലയിൽ റിയാസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ ഇയാളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും ഇയാളെയും സംഘത്തെയും പിടികൂടുകയായിരുന്നു. കരിപ്പൂർ എയർ പോർട്ട് പരിസരത്തു നിന്നും കവർച്ച ചെയ്ത് കൊണ്ടുപോയ വാഹനവും  ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ റിയാസിന്റെ പേരിൽ കൊണ്ടോട്ടി, കരിപ്പൂർ സ്റ്റ്ഷനുകളിലായി  കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 3 ഓളം കേസുകളുണ്ട്. പിടിയിലായ  ഷാജഹാൻ ലഹരി മരുന്ന് കൈവശം വച്ചതിന് പിടിയിലായി 2 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page