ബൈക്കുകളിലെത്തിയ സംഘം മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

പറ്റ്‌ന: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ കറസ്‌പോണ്ടന്റ് വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദാരുണ സംഭവമുണ്ടായത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമല്‍ കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കുകളിലാണ് സംഘം വിമല്‍കുമാറിന്റെ വീട്ടിലെത്തിയത്. വെടിയേറ്റ് വീണ വിമല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. പൊലീസ് സൂപ്രണ്ടും എം.പിയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് സഹോദരന്‍ ശശിഭൂഷണ്‍ യാദവ് എന്ന ഗബ്ബു യാദവ് സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. വിമല്‍ കുമാര്‍ യാദവ് സഹോദരനെ കൊലപ്പെടുത്തിയതിന്റെ പ്രധാന സാക്ഷിയാണെന്നും അതിനാല്‍ അതിന്റെ പേരിലായിരിക്കും കൊല നടന്നെതെന്നാണ് പോലീസ് പറയുന്നത്. മൊഴിയെടുക്കുന്നതില്‍ നിന്ന് വിമലിനെ പലതവണ സംഘം തടഞ്ഞിരുന്നു. കോടതിയില്‍ നടന്ന വിചാരണയില്‍ സഹോദരന്റെ കൊലയാളിക്കെതിരെ ഇയാള്‍ മൊഴി നല്‍കിയതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്നും പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അരാരിയ സദര്‍ ആശുപത്രിയില്‍ എത്തിച്ചു. വിമല്‍ കുമാര്‍ യാദവിന് ഭാര്യയും മകനും മകളുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page