കാസര്‍കോട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ നീലേശ്വരം നഗരസഭയിലെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനായി തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥി വി.കെ.വിശ്വജിത്താണ് പരുസ്‌കാരം നേടിയ കുട്ടികര്‍ഷകന്‍. കര്‍ഷക ദിനത്തില്‍ നഗരസഭ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വിഭാഗം വിശ്വജിത്തിനെ ആദരിച്ചു. ഹൊസ്ദുര്‍ഗ്ഗ് കടപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ വത്സലന്റെയും ഷീബയുടെ മകനാണ് വിശ്വജിത്ത്. പഠനത്തിനും പാഠ്യേതര വിഷയങ്ങളിലും പ്രകടിപ്പിക്കുന്ന മികവ് മൂന്നു വര്‍ഷമായി കൃഷിയിലും പുലര്‍ത്തുന്നുണ്ട്. വീടിനടുത്ത 38 സെന്റ് വയലില്‍ കപ്പ, മധുരക്കിഴങ്ങ്, ചോളം, ചീര, വെള്ളരിക്ക എന്നിവ ആദായകരമായി കൃഷി ചെയ്യുന്നു. രാവിലെ ആറുമണിക്ക് പാടത്തെത്തുന്ന വിശ്വജിത്ത് കൃഷിക്ക് വെള്ളം നനച്ചശേഷം സ്‌കൂളിലേക്ക് പോകും. വൈകിട്ടെത്തി കൃഷിക്കു വളവും പരിചരണവും നല്‍കുന്നു. വിളവുകള്‍ നാട്ടില്‍ത്തന്നെ വിറ്റഴിക്കുന്നു. കൃഷിയില്‍ മുന്നിലായതു കൊണ്ടു പഠനത്തില്‍ പിന്നിലാണെന്ന് കരുതേണ്ട. മികച്ച വിദ്യാര്‍ത്ഥിയാണ്. സ്റ്റുഡന്റ് പൊലീസിലും സജീവമാണ്. മാത്രമല്ല, ക്ലാസ് ലീഡറുമാണ്. നഴ്സിംഗ് വിദ്യാര്‍ത്ഥിനി വിശ്വനി സഹോദരിയാണ്.