കണ്ണൂര്‍: മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പിച്ചു. ഇരിക്കൂര്‍ മാമാനം സ്വദേശിയും മാത്തില്‍ ചൂരലില്‍ വാടകവീട്ടില്‍ താമസക്കാരുമായ രാജേഷിനാണ്(45) വെട്ടേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയായ കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയ് ഒളിവില്‍ പോയി. പിന്നീട് കണ്ണൂര്‍ സിറ്റി പോലീസ് പ്രതിയെ പിടികൂടി പെരിങ്ങോം പോലീസിനു കൈമാറി. തലയിലും മുഖത്തും വെട്ടേറ്റ രാജേഷ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ചൂരലിലെ ചെങ്കല്ല് ലോഡിംഗ് തൊഴിലാളിയാണ് രാജേഷ്. രാജഷിന്റെ മകളും അക്ഷയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നാണ് പറയുന്നത്. അതിനിടേ കാസര്‍കോട് സ്വദേശിയായ യുവാവുമായി മകളുടെ വിവാഹം ഒരാഴ്ച മുമ്പ് നടത്തിയിരുന്നു. ഇതില്‍ അക്ഷയിന് എതിര്‍പ്പുണ്ടായിരുന്നു. അക്ഷയിന്റെ ഭീഷണി കാരണം ചുരലില്‍ വീട് വാടകക്കെടുത്ത് താമസിച്ചുവരികയായിരുന്നു രാജേഷും ഭാര്യയും. അതിനിടേയാണ് വ്യാഴാഴ്ച ബൈക്കിലെത്തി, രാജേഷിനെ തലങ്ങും വിലങ്ങും വെട്ടിയത്. വീട്ടുകാര്‍ ബഹളം വച്ചതോടെ അക്രമകള്‍ രക്ഷപ്പെട്ടു. മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ തനിക്കെതിരേ വധ ഭീഷണിയുണ്ടായിരുന്നതായും ഇതിന്റെ പേരിലാണ് ആസൂത്രിതമായ അക്രമം നടത്തിയതെന്നും രാജേഷ് പോലീസിനോട് പറഞ്ഞു. രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും ഇപ്പോള്‍ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.