ന്യൂഡല്‍ഹി: ലിവിംഗ് ടുഗതര്‍ പങ്കാളിയുടെ പതിനൊന്നുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബെഡ് ബോക്സില്‍ ഒളിപ്പിച്ച സംഭവത്തില്‍ 24 കാരി അറസ്റ്റില്‍. കുട്ടിയുടെ അച്ഛന്‍ ജിതേന്ദറിന്റെ സുഹൃത്ത് പൂജയാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിതേന്ദറിന്റെ മകന്‍ വിഘ്നേഷിനെ കൊലപ്പെടുത്തിയത്. ലിവിംഗ് ടുഗതര്‍ ബന്ധം അവസാനിപ്പിച്ച് യുവാവ് ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങിയതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഇന്ദര്‍പുരിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. 2019 മുതല്‍ ജിതേന്ദ്രയുമായി പൂജ കുമാരി ലിവിംഗ് ടുഗതര്‍ ബന്ധത്തിലായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഇയാള്‍ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങി. ഇതാണ് പൂജയെ ചൊടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 10-ന് ജിതേന്ദ്രയുടെ ഇന്ദര്‍പുരിയിലെ വിലാസം കണ്ടെത്തിയ പൂജ നേരെ ഇയാളുടെ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല, കുട്ടി കട്ടിലില്‍ കിടന്ന് ഉറങ്ങുന്നതും കണ്ടു. ഉറങ്ങിക്കിടന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെ ശേഷം മൃതദേഹം വസ്ത്രങ്ങള്‍ അടങ്ങുന്ന പെട്ടിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് വിഘ്നേഷിന്റെ മൃതദേഹം ബെഡ് ബോക്സില്‍ കണ്ടെത്തിയത്.
ജിതേന്ദര്‍ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാമെന്ന് പൂജയ്ക്ക് ഉറപ്പുനല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ പിന്നീട് ജിതേന്ദര്‍ വിവാഹമോചനത്തിന് വിസമ്മതിക്കുകയും ആദ്യഭാര്യക്കൊപ്പം താമസിക്കുകയും ചെയ്തു. ഇതില്‍ രോഷാകുലയായ പൂജ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.