കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ട്രയിനിനു നേരെ കല്ലേറ്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രയിനിനു നേരെ തലശ്ശേരി ജഗനാഥ ടെംമ്പിൾ ഗേറ്റിനും വടകരക്കും ഇടയിൽ വെച്ചായിരുന്നു കല്ലേറുണ്ടായത്. കല്ലേറിൽ സി 8 കോച്ചിന്‍റെ ജനൽ ഗ്ലാസ് തകർന്നു. യാത്രകാർക്ക് ആർക്കും പരിക്കില്ല. നേരത്തെയും വന്ദേ ഭാരത് എക്സ് പ്രസ്സിനു നേരെ കല്ലേറുണ്ടായിരുന്നു.ഒരാഴ്ചക്കിടെ ഇത് നാലാം തവണയാണ് ട്രെയിനിനു നേരെ സംസ്ഥാനത്ത് കല്ലേറുണ്ടാകുന്നത്. തിരുവന്തപുരത്തുനിന്ന് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസ്, ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയും കണ്ണൂരില്‍ വച്ച് കല്ലേറുണ്ടായിരുന്നു. നേത്രാവതി എക്‌സ്പ്രസിന്റെ എ വണ്‍ എസി കോച്ചിന്റെ ഗ്ലാസും ചെന്നൈ എക്‌സ്പ്രസിന്റെ ചില്ലും പൊട്ടിയിരുന്നു. നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയിലും ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറ് വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാതലത്തിൽ വ്യാപക ബോധവത്കരണ പരിപാടികൾക്ക് ഒരുങ്ങുകയാണ് റെയിൽവേ.സംഭവത്തെകുറിച്ച് ആർ.പി.എഫിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. സാമൂഹ്യ വിരുദ്ധരാണ് അക്രമങ്ങൾക്ക് പിന്നിലെന്നാണ് ആർ.പി.എഫ് സംശയിക്കുന്നത്.