തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്‍റെ മിത്ത് പരാമർശത്തിൽ എൻ.എസ്.എസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തിനെതിരായ കേസ് പിൻവലിക്കാൻ ഒരുങ്ങി സർക്കാർ.കേസിലെ പ്രതികൾക്ക് നിഗൂഡ ലക്ഷ്യമില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. കേസ് പിൻവലിക്കുന്നതിന്‍റെ നിയമ സാധ്യത സർക്കാർ പരിശോധിച്ച് വരികയാണ്. തിരുവനന്തപുരത്ത് എൻ.എസ്.എസ് നടത്തിയ നാമജപ പ്രതിഷേധത്തിനെതിരെ ആയിരുന്നു കേസ് എടുത്തത്. അതേ സമയം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസിനെ അനുനയിപ്പിക്കുക എന്ന ലക്ഷ്യമാണ് തിരക്കിട്ട് കേസ് അവസാനിപ്പിക്കുന്നതിന് പിന്നിൽ എന്നാണ് ഉയരുന്ന വിമർശനം. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് പെരുന്നയിലെത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ടിരുന്നു. വർഗ്ഗീയതക്കെതിരെ നിലപാട് എടുത്ത സംഘടനയാണ് എൻ.എസ്.എസ് എന്ന് സന്ദർശന ശേഷം ജെയ്ക്ക് വ്യക്തമാക്കുകയും ചെയ്തു. അതേ സമയം സർക്കാരിന്‍റെ അനുനയ നീക്കത്തിനോട് അനുകൂല നിലപാടല്ല എൻ.എസ്.എസിന്. കേസ് അവസാനിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും മിത്ത് വിവാദത്തിൽ തിരുത്ത് ആണ് ആവശ്യമെന്നും എൻ.എസ്.എസ് വ്യക്തമാക്കുന്നു. ഷംസീർ പരാമർശം തിരുത്തി മാപ്പ് പറയണമെന്നാണ് എൻ.എസ്.എസ് നേതൃത്വം വ്യക്തമാക്കുന്നത്. വിവാദം ചർച്ചയാകുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1200 ൽ അധികം ഗണപതി ക്ഷേത്രങ്ങളിൽ വിശേഷാൽ ഗണപതി ഹോമം നടത്താനുള്ള തീരുമാനം നടപ്പാക്കി ദേവസ്വം ബോർഡ് രംഗത്തെത്തി.ഗണപതി മിത്ത് വിവാദത്തിൽ വിശ്വാസികളായ ജനങ്ങളിൽ നിന്നുണ്ടായ എതിർപ്പിനെ മറികടക്കാനാണ് ബോർഡിന്‍റെ പ്രത്യേക ഗണപതി ഹോമം എന്നാണ് വിലയിരുത്തൽ